തിരുവനന്തപുരം: കേരള വിസിക്കെതിരേ വീണ്ടും പ്രതിഷേധത്തിന് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തയാറെടുക്കുന്നു. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയില്‍ വിസി പങ്കെടുക്കുന്നതാണ് പ്രതിഷേധം വീണ്ടും തുടരാന്‍ കാരണം.പരിപാടിയില്‍ പങ്കെടുക്കാന്‍ വ്യക്തിപരമായി വിസിക്ക് തടസമില്ലെന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു സ്വീകരിച്ചത്.
എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരിപാടിയില്‍ വിസി പങ്കെടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റംഗങ്ങളും പ്രതിഷേധവുമായി വീണ്ടും രംഗത്ത് വരാന്‍ കളമൊരുങ്ങിയിരിക്കുന്നത്.
പ്രതിഷേധം വിസിക്കെതിരെയാണെങ്കിലും ലക്ഷ്യമിടുന്നത് ഗവര്ണര്ക്കെതിരെയാണെന്നാണ് ലഭിക്കുന്ന വിവരം. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരേ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത് സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമായിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ പുതുതായി നല്കിയ താത്കാലിക വിസി മാരുടെ പട്ടികയില്‍ ഗവര്‍ണര്‍ അനുകുല നിലപാടെടുക്കാത്തതും പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്.
കൂടാതെ വിസി സസ്പെന്റ് ചെയ്ത റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്താത്തതും പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. മിനി കാപ്പനെ റജിസ്ട്രാറാക്കി നടപടികളുമായി മുന്നോട്ട് പോകുകയാണ് വിസി മോഹനന് കുന്നുമ്മല്‍. വിസിയുടെ എല്ലാ നടപടികള്‍ക്ക് പിന്നിലും ഗവര്‍ണറുടെ നിര്‍ദേശമാണെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.
അതേ സമയം കേരള സര്‍വകലാശാലയിലെ സംഘര്‍ഷവും ഭരണ പ്രതിസന്ധിയും പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി വിഷയം തണുപ്പിക്കാന്‍ അനുനയം നടത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ മുന്‍ നിലപാടില്‍നിന്ന് അദ്ദേഹം പിന്നോട്ട് പോയിരുന്നില്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു കേരള വിസിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സര്‍വകലാശാല ആസ്ഥാനത്തെത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഫയലുകളില്‍ ഒപ്പിട്ടത്. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏറെ വിമര്‍ശിക്കപ്പെടുന്നതിന് ഇടയായിരുന്നു.