കോഴിക്കോട്: ലക്കിടയില്‍ വയനാട് ഗേറ്റിനു സമീപം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തി ചുരത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. താമരശേരി പോലീസും കല്‍പ്പറ്റ പോലീസും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
മലപ്പുറം സ്വദേശി തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പോലീസ് പരിശോധനയ്ക്കിടെ ചുരത്തില്‍ നിന്ന് ചാടിരക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍ നിന്ന് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനു കേസെടുത്ത് പോലീസ് അന്വേഷണം വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
കണ്ണൂരില്‍ ഇന്നലെ രാവിലെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടകൂടുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നത്. ഇതിനിടയിലാണ് ഷഫീഖ് ഓടിച്ച കാര്‍ ഇവിടെ എത്തിയത്. സംശയം തോന്നി ഇയാളുടെ കാറിനു പോലീസ് കൈ കാണിച്ചു. നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ ഷഫീഖ് ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് എടുത്തുചാടി രക്ഷപ്പെടുകയയായിരുന്നു.
വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തിലാണ് എടുത്തുചാടിയത്.വീണിടത്തുനിന്ന് എഴുന്നേറ്റ് വനഭാഗത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. അരകിലോമീറ്റര്‍ അകലെ നീര്ച്ചാലിനുസമീപം വരെ യുവാവിന്റെ കാല്പാടകുള് പതിഞ്ഞിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തിയിട്ടും ഫലംകണ്ടില്ല.
ഇയാൾക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. മയക്കുമരുന്നു കടത്തുകാരനാണെന്ന് സംയിക്കുന്നതായി പോലീസ് പറഞ്ഞു. മലപ്പുറം പോലീസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ വീട്ടിലെത്തയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുവരെ പുരോഗതിയെന്നും ഉണ്ടായിട്ടില്ല. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
- സ്വന്തം ലേഖകന്‍