കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ഭക്ഷണ മെനു പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി 39.62 ലക്ഷം രൂപ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കാന് സര്‍ക്കാര്‍.
ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കു വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭ്യമാക്കുന്നതിനായി പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013, സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ റൂള്‍സ് 2017 എന്നിവയില്‍ നിഷ്കര്‍ഷിക്കുന്ന പോഷകമൂല്യം ഉറപ്പുവരുത്തിയാണ് അങ്കണവാടി കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കേണ്ടത്.
മിഷന് സാക്ഷം അങ്കണവാടി ആന്‍ഡ് പോഷണ്‍ 2.0 പോഷക മാനദണ്ഡങ്ങള്‍ പ്രകാരം ആറുമാസം മുതല്‍ ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് 500 കിലോ കാലറിയും 12-15 ഗ്രാം പ്രോട്ടീനും അനുപൂരക പോഷകാഹാര പദ്ധതിയിലൂടെ ഉറപ്പാക്കണം.
അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്ന ഉപ്പ്, പഞ്ചസാര, കൃത്രിമ കളര്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ പരിഷ്കരിച്ച ഭക്ഷണ മെനു പരിചയപ്പെടുത്തുന്നതിനായി ഓരോ ജില്ലയില്‍നിന്നും ശിശുവികസന പദ്ധതി ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന നാലു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 56 പേര്‍ക്ക് മൂന്നു ദിവസത്തെ സംസ്ഥാനതല മാസ്റ്റേഴ്സ് പരിശീലന പരിപാടി സംഘടിപ്പിക്കുവാന്‍ അഞ്ചു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
മാസ്റ്റേഴ്സ് ട്രെയിനിംഗ് ലഭ്യമായ ഉദ്യോഗസ്ഥര്‍ ജില്ലകളിലെ മറ്റു ജീവനക്കാര്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹോം സയന്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയെ ആശ്രയിച്ച് ജില്ലാതല പരിശീലനം നല്‍കും.
ഇതിനായി 30 പേരെ ഉള്‍പ്പെടുത്തി നാലു ദിവസങ്ങളിലായി നാലു ബാച്ചുകള്‍ക്ക് പരിശീലനം നല്കാന് 14 ജില്ലകള്‍ക്കായി മൊത്തം 28 ലക്ഷം രൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജില്ലാതല പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പരിശീലനം നല്‍കും.
- സ്വന്തം ലേഖകന്‍