സന്ദീപ് റെഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പരിറ്റ് എന്ന സിനിമയിൽ നിന്നു ദീപിക പദുകോൺ പിന്മാറിയത് വലിയ ചർച്ചയായിരുന്നു. എട്ട് മണിക്കൂർ മാത്രം വർക്ക് എന്ന നിബന്ധനകളുൾപ്പെടെ മുന്നോട്ടു വച്ചതാണ് ദീപികയും സന്ദീപ് റെഡ്ഡി വാങ്കയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ കാരണമെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ.
ദീപികയുടെ ഈ നിബന്ധനയെ പിന്തുണച്ചവരും എതിർത്തവരും ഏറെയാണ്. ഇതേക്കുറിച്ചു സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ബോളിവുഡിൽ സമയക്രമം അനിവാര്യമാണ്. അവർ 12 മണിക്കൂർ വർക്ക് ചെയ്യും. അത് വളരെ കൂടുതലാണ്. അതിനുമുമ്പ് ഒന്നര മണിക്കൂർ മേക്കപ്പുണ്ട്. അതു കഴിഞ്ഞ് പിന്നെയും ഒരു മണിക്കൂർ. ആകെ 14-15 മണിക്കൂർ അങ്ങനെ ചെലവഴിക്കണം. അത് നല്ലതല്ല- നിത്യ പറയുന്നു.
കരിയറിലെ അനുഭവങ്ങളും നിത്യ മേനോൻ പങ്കുവെച്ചു. തുടക്കകാലത്ത് സെറ്റിൽ ഏറെ നേരെ കാത്തിരിക്കേണ്ടി വന്നതായി നിത്യ പറയുന്നു. ഞാൻ ഒരു പ്രൊഡ്യൂസറായാൽ കറക്ട് സമയം എല്ലാവരോടും പറയും. ആളുകളെ ഷൂട്ടിനു വിളിച്ച് ഒരു ദിവസം മുഴുവൻ കാത്തിരിപ്പിക്കരുത്. എല്ലാവരെയും കുറച്ചുകൂടി പരിഗണിക്കുന്നതു നല്ലതാണ്. ഇപ്പോൾ തനിക്കു കുറേക്കൂടി നല്ല പരിഗണന ലഭിക്കാറുണ്ടെന്നും നിത്യ മേനോൻ പറയുന്നു.
സ്വന്തം ആരോഗ്യത്തിനു നൽകുന്ന ശ്രദ്ധയെക്കുറിച്ചും നിത്യ സംസാരിച്ചു. ഭക്ഷണം കഴിക്കാതിരിക്കാനോ എന്തു സംഭവിച്ചാലും ദിവസവും ജിമ്മിൽ പോകാനോ എനിക്കു പറ്റില്ല. ആരോഗ്യത്തിനു വേണ്ട കാര്യങ്ങൾ ചെയ്യും. അതു മനസിലാക്കാൻ കുറച്ചു സമയമെടുക്കും. ആരെന്തു പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല എന്നല്ലെന്നും നിത്യ മേനോൻ പറഞ്ഞു.
ആളുകൾ പറയുന്നതു സഹിക്കേണ്ടി വരും. മറ്റുള്ളവർ പറയുന്നതുകേട്ട് നമ്മളെ മാറ്റരുത്. അങ്ങനെ ചെയ്താൽ ബോഡി പെർഫെക്ട് ആയിരിക്കും. എന്നാൽ മുഖത്തെ കല പോകും. അതിനർഥം ആരോഗ്യം പോകുമെന്നാണെന്നും നിത്യ മേനോൻ പറയുന്നു.തുടരെ സിനിമകളുമായി പ്രേക്ഷകർക്കു മുമ്പിലെത്തുകയാണു നിത്യ മേനോൻ. തലൈവൻ തലൈവിയാണ് നിത്യയുടെ പുതിയ സിനിമ.