കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവർ ഇനിയങ്ങോട്ട് കരുതിയിരിക്കണമെന്ന ജാഗ്രതാനിർദേശവുമായി സൈബർ പോലീസ്. നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്കുതന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്.
ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെതന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. ‘അന്യർക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനുമുമ്പും ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിനുമുന്പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളിലാണെന്ന കാര്യം ഓര്മയിലിരിക്കട്ടെ എന്നാണ് സൈബർ പോലീസിന്റെ മുന്നറിയിപ്പിലുള്ളത്.
ഇതു ശ്രദ്ധിക്കാം
- നിങ്ങളുടെ ദിനചര്യകള്‍ പങ്കുവയ്ക്കാതിരിക്കുക
- പ്രതിദിന റൂട്ടുകള്‍, വ്യായാമകേന്ദ്രങ്ങളിലെ സമയങ്ങള്‍, സ്കൂളിലേക്കോ ജോലിക്കോ പോകുന്നതും വരുന്നതുമായ വഴി തുടങ്ങിയ വിവരങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്നത് അപകടമാണ്.
- സോളോ ട്രാവലുകള്‍ ലൈവായി ഷെയര്‍ ചെയ്യരുത്. കാരണം നിങ്ങള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് ലൈവായി പോസ്റ്റുകള്‍ ഇടുന്നത് സുരക്ഷയെ ബാധിക്കാം. യാത്രയ്ക്കുശേഷം മാത്രമേ ഓര്‍മകള്‍ ഷെയര്‍ ചെയ്യാന്‍ പാടുള്ളൂ.
- ലൊക്കേഷന്‍ ടാഗുകള്‍ ഒഴിവാക്കുക. വീട്, ഓഫീസ്, പഠനസ്ഥലം പോലുള്ള സ്ഥിരം സ്ഥലങ്ങള്‍ ടാഗ് ചെയ്യുന്നത് നിങ്ങളെ പിന്തുടരാന് സഹായിച്ചേക്കാം.
- പ്രൈവസി സെറ്റിംഗുകള്‍ നിരന്തരം പരിശോധിക്കുക: ആരൊക്കെയാണ് നിങ്ങളുടെ പോസ്റ്റുകള്‍ കാണുന്നത് എന്നതു ചെക്ക് ചെയ്യുക. അപരിചിതരിലേക്ക് നിങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ എത്തിപ്പെടാതെ സൂക്ഷിക്കുക.