ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച. മലയാളികൾ അത്ര വേഗമൊന്നും മറന്ന് പോകാത്ത ദിവസമാണ് ഇന്ന്. ഈ ഒരു ദിവസത്തിന് ഇത്രമേൽ പ്രാധാന്യമുണ്ടെന്ന് ജീത്തു ജോസഫ് എഴുതി വച്ചതിനു പുറമേ നമ്മുടെയൊക്കെ മനസിൽ ആ ചിത്രം പതിപ്പിച്ചു വയ്ക്കുക കൂടിയുണ്ടായി എന്ന് പറയാം.
ജോർജ് കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമാണ് ഇന്ന്. ഡിസംബർ 19, 2013-ലാണ് ദൃശ്യം റിലീസ് ചെയ്തത്. സിനിമ ഇറങ്ങി 12 വർഷങ്ങൾക്ക് ശേഷവും കേവലം ഒരു സിനിമയിലെ ഈ ഒരു ദിവസം ഇന്നും ചർച്ചയാണ്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എല്ലാ ഓഗസ്റ്റ് 2 ഉം ആളുകൾ ചർച്ചയാക്കി. എന്നാൽ ഇക്കുറി ഓഗസ്റ്റ് 2 ശനിയാഴ്ച ആയത് വീണ്ടും സൈബറിടങ്ങൾ ഏറ്റെടുക്കുകയാണ്. ഇന്ന് വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമാണെന്ന് സോഷ്യൽ മീഡിയ വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു.
ഡേറ്റ് വീണ്ടും ചർച്ച ആയതോടെ പലരും നർമപ്രദമായ കമന്റും പോസ്റ്റുകളുമൊക്കെ പങ്കുവച്ചു. പാവം വരുൺ പ്രഭാകരൻ ഗതി കിട്ടാത്ത ആത്മാവായി അലഞ്ഞ് നടക്കുകയാണെന്നാണ് ചില വിരുതൻമാർ പറയുന്നത്. എല്ലാവരും സൂക്ഷിച്ചോ കൃത്യം ഇന്നും ഒരു ശനിയാഴ്ച തന്നെയാണ് ഓഗസ്റ്റ് രണ്ട്. വരുണിന്റെ പ്രേതം രാത്രി 12ന് ശേഷം പുറത്തിറങ്ങുമെന്ന് പറഞ്ഞ കൂട്ടരും കുറവല്ല.
എന്തൊക്കെ ആയാലും ഓഗസ്റ്റ് രണ്ട് ശനിയാഴ്ച സൃഷ്ടിച്ച ഓളമൊന്നും ഇനി മറ്റൊരു ഡേറ്റിനും ഉണ്ടാക്കൻ സാധിക്കില്ലന്നാണ് സിനിമാ നിരൂപകൻമാരുടെ വക ഡയലോഗ്.