ചേർത്തല: സ്ത്രീകളുടെ തിരോധാനകേസിലെ പ്രതി സെബാസ്റ്റ്യനെ സഹായിച്ചത് ചേർത്തലയിലെ ഒരു പ്രമുഖ അഭിഭാഷകനെന്ന് സൂചന ഇയാൾ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായവരുടെ സ്വത്തുക്കൾ സെബാസ്റ്റ്യൻ കൈക്കലാക്കിയതിന് പിന്നിലെ ബുദ്ധി ഈ അഭിഭാഷകനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്ഥലങ്ങൾ വിറ്റു കിട്ടുന്ന പണത്തിൽ അധികവും സഹകരണ സ്ഥാപനങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെ സ്ഥലം വിറ്റു കിട്ടിയ പണം കുത്തിയതോടുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപിക്കുകയും കുറച്ച് നാൾ മുമ്പ് ഒന്നേകാൽ കോടി രൂപ പിൻവലിച്ചതും ഈ പണം സെബാസ്റ്റ്യൻ എന്തു ചെയ്തെന്നും അന്വേഷണത്തിലുണ്ട്.
ഇതിന് പിന്നാലെയാണ് 40 ലക്ഷം രൂപ വാരനാടുള്ള ഒരു ബാങ്കിൽ നിന്നും പിൻവലിച്ചത്. ഇതിനെല്ലാം സഹായിച്ചതും സെബാസ്റ്റ്യന്റെ കേസുകൾ കൈകാര്യം ചെയ്തതും ഈ അഭിഭാഷകനായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണത്തിനായി ബിന്ദുപത്മനാഭന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുന്നപ്രവീണിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തും.
ബിന്ദു പത്മനാഭന്റെ പേരിൽ ഇടപ്പള്ളി ടോൾ ഗേറ്റിന് സമീപമുള്ള 12 സെന്റ് സ്ഥലം സെബാസ്റ്റ്യനാണ് വില്പന നടത്തിയത്. കൊല്ലം സ്വദേശിയാണ് അത് ലക്ഷങ്ങൾ നൽകി വാങ്ങിയത്. ഈ പണം മുഴുവനും സെബാസ്റ്റ്യനാണ് കൈക്കലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺ കോടതിയിൽ പ്രത്യേകം കേസ് നൽകിട്ടുണ്ട്.
ബിന്ദു പത്മനാഭന്റെ വീടിന് തെക്ക് വശം ബിന്ദുവിന്റെ പേരിലുള്ള 40 സെന്റ് വില്പന നടത്തി സെബാസ്റ്റ്യൻ തട്ടിയെടുത്തു. കൂടാതെ വീടിന് പരിസരത്തു തന്നെ നാലോളം സ്ഥലങ്ങൾ വില്പന നടത്തിയിട്ടുണ്ട്. പിന്നീട് ബിന്ദു താമസിച്ചിരുന്ന കുടുംബവീടുപോലും വില്പന നടത്തിയ ശേഷമാണ് ബിന്ദു പത്മനാഭനെ കാണാതാവുന്നത്.
സ്ഥലക്കച്ചവടക്കാരനായിട്ടായിരുന്നു വാരനാട് വെളിയിൽ വീട്ടിൽ ഹയറുമ്മ എന്നുവിളിക്കുന്ന ഐഷയുമായ് സെബാസ്റ്റ്യൻ ബന്ധപ്പെടുന്നത്. ഐഷയുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിൽ സെബാസ്റ്റ്യൻ വരുമായിരുന്നു.
അങ്ങനെയാണ് ഐഷയുമായി പരിചയപ്പെടുന്നത്. ഒരു ദിവസം വീട്ടിൽ നിന്നും ഉച്ചഭക്ഷണവും തയാറാക്കിവെച്ച് ഇറങ്ങിയ വീട്ടമ്മ പിന്നീട് മൂവാറ്റുപുഴ ആറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന് പോലീസ് പറയുന്നതിൽ ദുരൂഹത ഉള്ളതായി ഐഷയുടെ ബന്ധുക്കൾ പറയുന്നു.
ബിന്ദുവിന്റെ തിരോധാന കേസ് അന്വേഷണം നടക്കുമ്പോഴും ഐഷയുടെ വീട്ടിലും ക്രൈംബ്രാഞ്ച് വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എപ്പോഴും ഓട്ടോയിൽ മാത്രം സഞ്ചരിക്കുന്ന ആളാണ് സെബാസ്റ്റ്യൻ. അങ്ങനെയാണ് വാരനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുമായി പരിചയിത്തിലാകുന്നത്. ഇതിനു ശേഷം ഇയാളുടെ വീട്ടിലും നിത്യസന്ദർശകനായിരുന്നു.
തുടർന്നാണ് സെബാസ്റ്റ്യനും ഓട്ടോ തൊഴിലാളിയുടെ ഭാര്യയായ ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു (43) വുമായി അടുക്കുന്നത്. 2020 ഒക്ടോബർ 19നു വൈകിട്ടാണ് ചേർത്തല തിരുവിഴയിലുള്ള ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് സിന്ധു വീട്ടിൽ നിന്നിറങ്ങിയത്.
മകളടെ വിവാഹ നിശ്ചയത്തിനു രണ്ടുദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്. മകൾ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പോലീസ് അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയില്ല. തുടർ അന്വേഷണം നടത്തണമെന്നും, ഡിഎൻഎ ടെസ്റ്റുകൾക്ക് വിധേയരാകാമെന്നും കാട്ടി സിന്ധുവിന്റെ ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.