കയ്റോ: ജറൂസലെം തലസ്ഥാനമായി പരമാധികാര പലസ്തീൻ രാഷ്ട്രം രൂപവത്കൃതമാകുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്നു ഹമാസ് ഭീകരർ. ആയുധം താഴെവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞ പശ്ചാത്തലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നതെന്നും ഹമാസ് പറഞ്ഞു.
ഹമാസ് ആയുധം താഴെവയ്ക്കണമെന്ന ആവശ്യം അടുത്ത ദിവസങ്ങളിൽ ശക്തിപ്പെട്ടിരുന്നു. പലസ്തീൻ രാഷ്ട്രരൂപീകരണം ലക്ഷ്യമിട്ട് യുഎന്നിൽ നടന്ന ഉച്ചകോടിയിൽ അറബ് രാജ്യങ്ങളടക്കം ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകളിൽ ഒന്നുകൂടിയാണിത്.
എന്നാൽ, പലസ്തീൻ രാഷ്ട്രം രൂപീകൃതമാകുന്നതുവരെ പ്രതിരോധിക്കാനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും ആയുധം താഴെവയ്ക്കില്ലെന്നുമാണു ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ, അമേരിക്കയുടെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഗാസ സന്ദർശിച്ചിരുന്നു. തുടർന്ന് ഇസ്രയേലിൽ പ്രധാനമന്ത്രി നെതന്യാഹുവുമായും ബന്ദികളുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ബന്ദികളുടെ മോചനത്തിന് ഊർജിത ശ്രമം നടക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇതിനിടെ, ഇസ്രേലി ഭരണകൂടം ഗാസാ ജനതയെ പട്ടിണിയിലേക്കു തള്ളിവിടുന്നുവെന്നാണു യുഎൻ അടക്കമുള്ള ഏജൻസികൾ കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, കാനഡ രാജ്യങ്ങൾ അറിയിച്ചിരുന്നു.
ഗാസയ്ക്കായി സിഡ്നിയിൽ റാലി
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിജിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തതായി റിപ്പോർട്ട്. പോലീസ് തടയാൻ ശ്രമിച്ച പ്രകടനത്തിന് ഒരു ദിവസം മുന്പ് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന സുപ്രീംകോടതിയാണ് അനുമതി നല്കിയത്.
സമാധാനപരമായി നടന്ന പ്രകടനത്തിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജും പങ്കെടുത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രകടനക്കാർ മുദ്രാവാക്യം മുഴക്കി.