തിരുവനന്തപുരം: തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഡോ. സി.എച്ച്. ഹാരിസ്. ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.
നാലിന് അവധിയിൽ പ്രവേശിച്ച താൻ നാളെ ജോലിയിൽ തിരികെയെത്തും. വിവിധ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, കാണാതായെന്നു പറയുന്ന മോർസിലോസ്കോപ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഓഫിസിന്റെ താക്കോൽ അസിസ്റ്റന്റ് പ്രഫസർ ഡോ.ജോണി തോമസ് ജോണിനെ ഏൽപിച്ചിരുന്നു. പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർ ആവശ്യപ്പെട്ടാൽ താക്കോൽ നൽകണമെന്നും നിർദേശിച്ചിരുന്നു.
ചൊവ്വാഴ്ച പ്രിൻസിപ്പൽ ഡോ.പി.കെ. ജബ്ബാർ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കൽ ജീവനക്കാർ, ബയോമെഡിക്കൽ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ അവിടെപ്പോയി മുറി തുറക്കാൻ ആവശ്യപ്പെട്ടു.
എല്ലാവരും അകത്തു കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ട് ഉപയോഗിച്ചാണു മുറി പുട്ടിയത്. എന്തിനാണ് ഇതു ചെയ്തതെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അന്വേഷിക്കണം.
തന്റെ രേഖകളും സ്റ്റോക്ക്, അറ്റൻഡൻസ്, ഡെസ്പാച്ച് എന്നിവയുടെ റജിസ്റ്ററുകൾ, എംസിഎച്ച് പരീക്ഷയുടെ പേപ്പറുകൾ, അതിന്റെ വിഡിയോ റിക്കാർഡുകൾ, മാർക്ക് ലിസ്റ്റുകൾ, ഔദ്യോഗികമായ മറ്റു രഹസ്യ രേഖകൾ എന്നിവയും അവിടെ സൂക്ഷിച്ചിരുന്നു.
അന്വേഷണത്തിന്റെയും സ്റ്റോക്ക് പരിശോധനയുടെയും ഓഡിറ്റിങ്ങിന്റെയും സമയത്തു വ്യക്തിപരമായ ആക്രമണമാണു നടത്തുന്നത്. തന്നെ കുടുക്കുന്നതിനു വേണ്ടി അവിടെ കൃത്രിമം കാണിക്കാനോ അല്ലെങ്കിൽ ചില ദുഷ്പ്രവൃത്തികൾ ചെയ്യാനോ ഉള്ള പദ്ധതിയാണെന്നും ഡോ.ഹാരിസ് കുറിപ്പിൽ പറയുന്നു.