ടെക്സസ്: ടെക്സസിലെ സൈനിക താവളത്തിൽ രാജ്യത്തെ ഏറ്റവും വലിയ കുടിയേറ്റ തടങ്കൽ കേന്ദ്രം നിർമിക്കാൻ ലക്ഷ്യമിടുന്നുവെന്ന് അമേരിക്ക. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ അജണ്ട നടപ്പിലാക്കുന്നതിനായുള്ള ഏറ്റവും പുതിയ നീക്കമാണിത്.
അനധികൃതമായി അതിർത്തി കടന്നെത്തുന്നവർക്കെതിരേ ശക്തമായ നടപടിയാണ് ട്രംപ് ഭരണകൂടം കൈക്കൊള്ളുന്നത്. കുടിയേറ്റക്കാരുടെ അറസ്റ്റും ട്രംപ് ശക്തമാക്കിയിട്ടുണ്ട്.
ഈ വർഷം അധികാരമേറ്റതിനുശേഷം ട്രംപ്, ഗ്വാണ്ടനാമോ ബേ നാവിക താവളത്തിലേക്ക് കുടിയേറ്റക്കാരെ അയച്ചിട്ടുണ്ട്. ടെക്സസിലെ എൽ പാസോയിലെ ഫോർട്ട് ബ്ലിസിൽ 1,000 കുടിയേറ്റക്കാരെ ഓഗസ്റ്റ് അവസാനത്തോടെ താമസിപ്പിക്കാനാണ് പദ്ധതി. തുടർന്ന് വരും മാസങ്ങളിലായി 5,000 കിടക്കകളുള്ള നിർമാണം പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്രാരംഭ പദ്ധതിയെന്ന് പെന്റഗൺ പറഞ്ഞു.
ഇത് പൂർത്തിയാകുമ്പോൾ, നിയമവിരുദ്ധരായ വിദേശികളെ നാടുകടത്തുക എന്ന നിർണായക ദൗത്യത്തിനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രമായിരിക്കും ഇതെന്നും പെന്റഗൺ വക്താവ് കിംഗ്സ്ലി വിൽസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.