സീതാരാമം എന്ന സിനിമയുടെ മൂന്ന് വര്‍ഷം ആഘോഷിക്കുകയാണ് ചിത്രത്തിലെ നായികാനടി മൃണാള്‍ താക്കൂര്‍. ദുല്‍ഖറും മൃണാള്‍ താക്കൂറും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു.
സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൃണാളിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അത് അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. ഇപ്പോഴിതാ സീതാരാമം ടീമിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണു താരം.
മൂന്നു വര്‍ഷമായി സീത ഇപ്പോഴും നിങ്ങളുടെ ഹൃദയങ്ങളിലും വാക്കുകളിലും ഓര്‍മകളിലും ജീവിക്കുന്നു. അവള് ഒരിക്കലും ഒരു കഥാപാത്രമായിരുന്നില്ല. അവള് ഒരു വാഗ്ദാനമായിരുന്നു. ഒരു വികാരം; എന്നെന്നേക്കുമായി. ദുല്‍ഖര്‍ സല്മാന്, ഹനു രാഘവപുഡി… ഈ ചിത്രത്തിനു പിന്നിലെ ഓരോ ആത്മാവും ഇത്രയും സത്യത്തോടെ നിര്‍മിച്ചതിനു നന്ദി. പ്രേക്ഷകരായ നിങ്ങള്‍ക്കും അവളെ ജീവനോടെ നിലനിര്‍ത്തിയതിന്, സീതയെ സ്നേഹിക്കുന്നു- എന്നാണ് മൃണാള്‍ കുറിച്ചത്.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഹാനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രം തെലുങ്കിനു പുറമേ തമിഴ്, മലയാളം ഭാഷകളിലും എത്തിയിരുന്നു. 1960കളില്‍ ജമ്മു -കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണു ചിത്രം പറയുന്നത്. മൃണാൽ താക്കൂറാണ് ചിത്രത്തിൽ നായിക. രശ്മിക മന്ദാനയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അതേസമയം സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രമാണ് മൃണാളിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. അജയ് ദേവ് ഗണാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ധനുഷുമായുളള ഡേറ്റിംഗ് വാർത്തകളെത്തുടര്‍ന്ന് മൃണാള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.