പട്ന: സീതാമർഹിയിലെ പുനൗര ധാമിൽ മാതാ സീതാക്ഷേത്രത്തിന്റെ തറക്കല്ലിടൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് നിർവഹിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) സീതാ ക്ഷേത്രത്തിന്റെ നിർമാണം.
അയോധ്യ രാമക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തുശിൽപ്പി ചന്ദ്രകാന്ത് സോംപുരയാണ് സീതാ ക്ഷേത്രം രൂപകൽപ്പന ചെയ്യുന്നത്. ക്ഷേത്രത്തിലും ശ്രീകോവിലിലും മക്രാന കല്ലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്.
2023 സെപ്റ്റംബറിൽ അന്നത്തെ മഹാഹഗ്ബന്ധൻ സർക്കാർ അനുമതി നൽകിയ പദ്ധതിക്ക് ജൂലൈ ഒന്നിന് നിതീഷ് കുമാർ മന്ത്രിസഭ 882.87 കോടി രൂപ അനുവദിച്ചു.
ഇതിൽ 137 കോടി നിലവിലുള്ള ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നവീകരണത്തിനും 728 കോടി ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും 16 കോടി അറ്റകുറ്റപ്പണികൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ-നവംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.