തൊടുപുഴ: നൂറുകണക്കിന് ജനങ്ങളുടെ മനസിനെ കീഴടക്കി 17 വർഷത്തോളം സർവീസ് നടത്തിയിരുന്ന ജനകീയൻ ബസ് വീണ്ടും നിരത്തിലെത്തും. ഇതിനായുള്ള പരിശ്രമത്തിലാണ് ജനകീയ ബസ് ഐക്യവേദി അംഗങ്ങളും നാട്ടുകാരും. കരിങ്കുന്നത്തിനും നീലൂരിനുമിടയിലുള്ള 10 കിലോമീറ്റർ ദൂരത്തിനിടയിൽ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബസ് അടുത്ത നാളിലാണ് സർവീസ് നിർത്തിയത്.
ബസ് ഇനി നിരത്തിലിറക്കണമെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനായി പുതുക്കി നിർമിക്കണം. എന്നാൽ ഇതിനായുള്ള പണം കടനാട് സഹകരണബാങ്കിൽ ഉണ്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതോടെ ഇത് പിൻവലിക്കാനാവാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. എങ്കിലും നിലവിലുള്ള ബസ് അറ്റകുറ്റപ്പണി തീർത്ത് ഇറക്കാനായില്ലെങ്കിൽ പുതിയ ബസ് ഈ റൂട്ടിൽ ഓടിക്കാനാണ് ഇതിന്റെ സംഘാടകരായ ബസ് ഐക്യവേദി അംഗങ്ങൾ പറയുന്നത്. ഇതിനിടെ ബസ് വീണ്ടും നിരത്തിലിറക്കാനായി ജനകീയ കാന്പയിനും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എൻ. വാസവനും നാട്ടുകാർ കത്തയച്ചു കഴിഞ്ഞു.
കരിങ്കുന്നം-നീലൂർ റൂട്ടിലെ യാത്രാ ക്ലേശത്തിനു പരിഹാരം കാണാനാണ് വർഷങ്ങൾക്കു മുൻപ് മറ്റത്തിപ്പാറ ഹോളി ക്രോസ് പള്ളി അങ്കണത്തിൽ നാട്ടുകാർ ഒത്തു ചേർന്നത്. എന്തുകൊണ്ട് സ്വന്തമായി ഒരു ബസ് വാങ്ങിക്കൂടാ എന്ന് യോഗത്തിൽ പങ്കെടുത്തവർ ഒന്നടങ്കം ചിന്തിച്ചതോടെ ജനകീയബസ് ഐക്യവേദി രൂപവത്കരിച്ചു.
നാട്ടുകാരായ 76 പേർ 10,000 രൂപ വീതം നൽകി ഒരു സെക്കൻഡ് ഹാൻഡ് ബസ് വാങ്ങി. ജനങ്ങളുടെ വാഹനമായതിനാൽ ജനകീയൻ എന്ന് പേരുമിട്ടു. 2008 മാർച്ച് 17ന് ബസ് കരിങ്കുന്നത്തുനിന്നു നീലൂരിലേക്ക് ഓടിത്തുടങ്ങി. 18 ട്രിപ്പുകളാണ് ബസ് ഒരുദിവസം ഓടിയത്. കരിങ്കുന്നം-നീലൂർ റൂട്ടിലെ ഏക ബസായിരുന്നു ജനകീയൻ. ഒരുഗ്രാമം ഒത്തുചേർന്ന് വാങ്ങി ഓടിച്ച ബസ്. മൂന്നു വർഷം സർവീസ് നടത്തിയപ്പോൾ പഴയ ബസ് വിറ്റ് പുതിയത് വാങ്ങി.
മറ്റത്തിപ്പാറ ഗ്രാമത്തിലെ 76 പേർ ചേർന്നു വാങ്ങിയ ജനകീയനാണ് ഓട്ടം ഇപ്പോൾ നിർത്തി ഷെഡിൽ വിശ്രമിക്കുന്നത്. ലാഭകരമായി ഓടിയിരുന്ന സമയത്ത് ബസിന്റെ ചെലവ് കഴിഞ്ഞുള്ള തുക കടനാട് സഹകരണ ബാങ്കിന്റെ മറ്റത്തിപ്പാറ ബ്രാഞ്ചിൽ നിക്ഷേപിച്ചിരുന്നു. മൂന്നു ലക്ഷം രൂപയോളം നിക്ഷേപമുണ്ടായിരുന്നു. ബാങ്ക് പ്രതിസന്ധിയിലായതിനാൽ ഈ തുക തിരികെ കിട്ടിയില്ല. ഇതോടെ ജനകീയൻ ഓട്ടം നിർത്തേണ്ട അവസ്ഥ വന്നു. ഓഗസ്റ്റ് രണ്ടിനായിരുന്നു അവസാനം സർവീസ് നടത്തിയത്.
ജനകീയൻ ഓട്ടം നിർത്തുന്പോൾ വലയുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. ജനകീയൻ ബസ് നിരത്തിലിറങ്ങുന്നതിനു മുന്പ് ജീപ്പിലും ഓട്ടോയിലും നടന്നും യാത്ര ചെയ്തു തളർന്ന നാട്ടുകാർ ചേർന്നു മുന്നോട്ടു നയിച്ചിരുന്ന ബസാണ് സർവീസ് നിർത്തിയത്. കോവിഡ് കാലത്ത് മാത്രമാണ് ഇതിനു മുന്പ് ഏതാനും മാസം സർവീസ് നിർത്തി വയ്ക്കേണ്ടി വന്നത്.
നാട്ടുകാർ കൈ കോർത്ത് നിരത്തിലിറക്കിയ ബസ് വീണ്ടും ഓടിത്തുടങ്ങേണ്ടത് അവരുടെ മുഖ്യവിഷയമായി മാറിയിരിക്കുകയാണ്. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണം തിരികെ കിട്ടാനാണ് നാട്ടുകാരിൽ ചിലർ മന്ത്രി വി.എൻ. വാസവന് നിവേദനം നൽകിയത്. തുക തിരികേ കിട്ടിയാൽ ബസ് പുറത്തിറക്കാനാണ് തീരുമാനമെന്ന് ജനകീയ ബസ് ഐക്യവേദി സെക്രട്ടറി ബെന്നി അഗസ്റ്റിൻ പറഞ്ഞു. കാരണം ഇത് ജനകീയനാണ്, ജനങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമാണ്.