കായംകുളം: കാണാതായ ഭാര്യയെ രണ്ടു മാസമായിട്ടും കണ്ടെത്താനാകാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണുഭവനിൽ താമസിക്കുന്ന വിനോദാണ് (49) മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നു പുറപ്പെട്ടതിനു ശേഷം കാണാതായി.
രണ്ടുമാസമായി കായംകുളം പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ, അവർ ബാങ്കിലെത്തിയിട്ടില്ലെന്നും അവസാനമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു പോകുന്നതുമാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ കൈയിൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.
ഭാര്യയെ കാണാതായതിനെത്തുടർന്ന് വിനോദ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർഥന പങ്കുവച്ചിരുന്നു. എന്നാൽ, പ്രതികരണങ്ങളൊന്നും ലഭിക്കാതെവന്നപ്പോൾ നിരാശയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക.