പുനലൂർ: സഞ്ചാരികളുടെ മനസു കുളിർപ്പിച്ചു സൂര്യകാന്തിപ്പാടങ്ങൾ ശ്രദ്ധേയമാകുന്നു. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളാണ് സഞ്ചാരികളുടെ കണ്ണിനു വിരുന്ന് ഒരുക്കുന്നത്. കാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികൾക്കു കുളിർമയേക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ കാഴ്ചകൾ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ്. കേരളത്തിൽനിന്നു ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുളളത്.
സീസൺ ആരംഭിച്ചതോടെ ഇവിടേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. ഇത്തവണ സൂര്യകാന്തിപ്പൂക്കളുടെ കൃഷി കുറവായിരുന്നു. കഴിഞ്ഞ തവണ സൂര്യകാന്തിപ്പൂക്കൾ പൂത്തു നിന്നിരുന്ന പാടങ്ങളിൽ ഇത്തവണ ചോളവും ചെറിയ ഉളളിയും പച്ചമുളകും തക്കാളിയുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. എന്നാലും ഇവിടെ സൂര്യകാന്തിപ്പാടം കാണാൻ കഴിഞ്ഞയാഴ്ച മുതൽ വലിയ തിരക്കാണ്. ഈ മാസം അവസാനത്തോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. വിവിധ കർഷക കട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. സീസൺ കഴിയുന്നതോടെ ഇതിന്റെ വിത്തുകൾ കർഷകർ ശേഖരിക്കും. സൂര്യകാന്തി എണ്ണയ്ക്കുവേണ്ടിയും വിത്തുകൾ ശേഖരിക്കാറുണ്ട്.
ഒപ്പം അടുത്ത സീസണിൽ കൃഷി ഇറക്കാൻ വേണ്ടിയും വിത്തുകൾ കർഷകർ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. വർഷങ്ങളായി സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തിപ്പൂക്കൾ വിസ്മയമാണ്.
പ്രധാനമായും സഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഇവിടെ പാടങ്ങൾ ഒരുക്കി കൃഷി ചെയ്തു വരുന്നത്. പൂക്കൾ വാങ്ങാനും സഞ്ചാരികൾ എത്താറുണ്ട്. സുന്ദരപാണ്ഡ്യപുരത്തിനു പുറമെ ചുരണ്ട എന്ന ഗ്രാമത്തിലും കൃഷി നടന്നു വരുന്നു .തമിഴ്നാടിന്റെ പൂക്കളോടുള്ള സ്നേഹവും കരുതലും ഏറ്റവും കൂടുതൽ ആകർഷിക്കുന്നതു മലയാളികളെയാണ്. ഓണത്തിന് തമിഴ് നാട്ടിൽ നിന്നാണ് കോടിക്കണക്കിനു രൂപയുടെ പൂക്കൾ ഓണപ്പൂക്കളമിടാനായി കേരളത്തിലെത്താറുള്ളത്.
- അനിൽ പന്തപ്ലാവ്