തിരുവനന്തപുരം: എഡിജിപി. എം.ആര്. അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ച് പിടിക്കണമെന്ന് പരാതിക്കാരന്. അഡ്വ. നാഗരാജുവാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് പ്രാഥമിക വിവരശേഖരണം പോലും നടത്താതെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത്ത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. വിജിലന്‍സ് മാന്വവല്‍ അനുസരിച്ചല്ല വിജിലന്‍സിന്റെ പ്രവര്‍ത്തനമെന്ന് കോടതി വരെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
മുഖ്യമന്ത്രിയെയും വിജിലന്‍സിനെയും കോടതി വിമര്‍ശിച്ചത് അതുകൊണ്ടാണ്. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത്ത് കുമാറിന്റെ 31 വര്‍ഷത്തെ സര്‍വീസ് കാലയളവിലെ ശമ്പളം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വസ്തു ആസ്തി എന്നിവയൊന്നും അന്വേഷിച്ചില്ല. ഗുരുതരമായ വീഴ്ചകളാണ് വിജിലന്‍സ് സംഘത്തിനന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൂജപ്പുര വിജിലന്‍സ് എസ്പി. ഡിവൈഎസ്പി ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയത്.ഇവരുടെ നാല് മാസത്തെ ശമ്പളം തിരികെ പിടിയ്ക്കണമെന്നാണ് നാഗരാജിന്റെ ആവശ്യം. അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത് നാഗരാജായിരുന്നു.