ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ സംശയനിഴലിലുള്ള സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്വത്തും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നത്.
കുത്തിയതോട് സ്വദേശിനിയായ നാല്പതുകാരിയെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ഇവര്‍ തനിച്ചാണു താമസിച്ചിരുന്നത്.
2021ല്‍ ധ്യാനകേന്ദ്രത്തില്‍വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അവരെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
ബിന്ദു കേസിലും കസ്റ്റഡി ചോദിക്കും
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും സി.എം. സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ആലോചിക്കുന്നു. മറ്റൊരു കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്.
ഇതിനായി കേസില്‍ സെബാസ്റ്റ്യനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയുന്ന തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. തെളിവുകള്‍ ശേഖരിച്ച ശേഷം ചേര്‍ത്തല മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നൽകും.