കോട്ടയം: കാറിനുള്ളില് ശാരീരിക അവശതകളാല് തളർന്നു വീണു കുടുങ്ങിപ്പോയയാൾക്ക് രക്ഷകരായി മൂന്നംഗ സംഘം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് നാഗമ്പടത്തായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സിപിഒ അനീഷ് സിറിയക്കും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയനും മറ്റൊരു യുവാവും നാഗമ്പടം ഭാഗത്തുകൂടി വരുന്നതിനിടെയാണ് റോഡരികില് ഒരു കാര് അസ്വാഭാവിക നിലയില് കണ്ടത്. എന്ജിന് ഓഫ് ചെയ്യാതെ നിര്ത്തിയിട്ടിരുന്ന കാറിനുള്ളില് നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന വ്യക്തി വായിൽനിന്നു നുരയും പതയും വന്നു തളര്ന്നു അവശനിലയിലായതായി കണ്ടു.
പറന്നെത്തിയ യുവാവ്
മുൻ നഴ്സ് കൂടിയായ സിപിഒ അനീഷ് ഡ്രൈവിംഗ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിനു സിപിആര് നല്കാന് തുടങ്ങി. ഇതിനിടെ വിനയന് 108 ആംബുലന്സ് വിളിച്ചു. ഗതാഗതക്കുരുക്കില് ആംബുലന്സ് ഓടിയെത്താന് വൈകുമെന്നു കണ്ടതോടെ വിനയനും അനീഷും ചേര്ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിന്സീറ്റിലേക്കു കിടത്തി ആശുപത്രിയിലേക്കു മാറ്റാനായി ശ്രമിച്ചു.
ഈ സമയം വഴിയിലൂടെ വന്ന ഒരു യുവാവ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്കു ചാടിക്കയറി ലൈറ്റും ഹോണും മുഴക്കി കണ്മുന്നില് പിടയുന്ന ജീവനുംകൊണ്ട് നേരെ കാരിത്താസ് ആശുപത്രിയിലേക്കു വാഹനം പറപ്പിച്ചു! ആശുപത്രിയില് രോഗിയെ പ്രവേശിപ്പിച്ച ശേഷം കാറോടിച്ച യുവാവ് മറ്റൊരു കാറില് കയറി യാത്രയായി. ബഹളത്തിനിടയിൽ യുവാവിന്റെ പേരു പോലും ചോദിക്കാൻ കഴിഞ്ഞില്ലെന്ന് അനീഷും വിനയനും പറയുന്നു.
ഒപ്പം നിന്നവർ
അനീഷും വിനയനും ആശുപത്രിയിൽ കാത്തുനിന്നു. ഇതിനിടയില് ഇരുവരും ചേര്ന്നു കാറിൽ നടത്തിയ പരിശോധനയിൽ കാറിനുള്ളില് കുഴഞ്ഞു വീണയാൾ സതീഷ് ധവാന് സ്പേസ് റിസര്ച്ച് സെന്റര് മുന് ഉദ്യോഗസ്ഥന് ബാബു ജോസഫാണെന്നു തിരിച്ചറിഞ്ഞു. ആശുപത്രി അധികൃതര് ബാബു ജോസഫിന്റെ കുടുംബത്തെ വിവരം അറിയിച്ച ശേഷമാണ് ഇരുവരും ആശുപത്രിയില്നിന്നു മടങ്ങിയത്.
കാരിത്താസില്നിന്നു സ്വകാര്യ ബസില് കയറി നാഗമ്പടത്തെത്തി ബൈക്കെടുത്ത ശേഷമാണ് കോട്ടയം ട്രാഫിക് സ്റ്റേഷനിലെ സിപിഒയായ അനീഷ് വീട്ടിലേക്കു മടങ്ങിയത്. മുന് നിശ്ചയിച്ച പ്രകാരം കാരിത്താസ് ആശുപത്രിയിലെ രോഗിക്ക് രക്തം നല്കിയ വിനയനും പിന്നീട് ആശുപത്രിയില്നിന്നു മടങ്ങി.
ബാബു ജോസഫ് ആശുപത്രിയില് ചികിത്സയില് തുടരുകയാണ്. പോലീസ് സേനയുടെ ഭാഗമാകും മുന്പ് നഴ്സായി ജോലി ചെയ്തിരുന്ന അനീഷ് തക്കസമയത്ത് സിപിആർ നൽകിയതാണ് ബാബു ജോസഫിന്റെ ജീവന് രക്ഷിച്ചത്.