കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരേ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്. അംഗീകൃത ലൈസൻസ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ലേലങ്ങൾ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോർഡ് വ്യക്തമാക്കി.
ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസൻസുള്ള ചില വ്യാപാരികളും ഉൾപ്പെടെ അനധികൃത ലേലങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്പൈസസ് ബോർഡ് അറിയിച്ചു. സിഎൽഎം. (കാർഡമം ലൈസൻസിംഗ് ആൻഡ് മാർക്കറ്റിംഗ്) നിയമങ്ങൾ പ്രകാരം സ്പൈസസ് ബോർഡിന്റെ ലൈസൻസ് ഉള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ലേലക്കാരായോ ഡീലർമാരായോ പ്രവർത്തിക്കാൻ കഴിയൂ. ലൈസൻസുള്ള ലേലക്കാരന് ബോർഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താൻ അധികാരമുള്ളൂവെന്നും ബോർഡ് വ്യക്തമാക്കി.
അനധികൃത ലേലങ്ങൾ അധികൃത ലേലക്കാർക്കും ഏലം ഉത്പാദകർക്കും സാന്പത്തിക നഷ്ടവും വ്യാപാരത്തിലെ സുതാര്യതയ്ക്ക് പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോർഡ് ചൂണ്ടിക്കാട്ടി. ലൈസൻസുള്ള വ്യാപാരികൾ രജിസ്റ്റർ ചെയ്ത എസ്റ്റേറ്റ് ഉടമകളിൽ നിന്നോ കർഷകരിൽനിന്നോ ലൈസൻസുള്ള ലേലക്കാരിൽനിന്നോ മാത്രമേ ഏലം വാങ്ങാവൂ എന്നും ബോർഡ് നിർദേശിച്ചു.
ഏലം വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായി 1987ലെ ഏലം നിയമം (ലൈസൻസിംഗ് ് ആൻഡ് മാർക്കറ്റിംഗ്) പ്രകാരം ലൈസൻസ് കരസ്ഥമാക്കിയവർക്ക് മാത്രമേ ലേല നടപടികൾക്ക് അനുവാദമുള്ളൂ.ലൈസൻസ് ഉള്ളവർക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ എന്നിവിടങ്ങളിലെ ഇ-ലേലത്തിലും മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം.
ലേലം നടത്താൻ ലൈസൻസ് കരസ്ഥമാക്കിയവരുടെ വിവരങ്ങൾ സ്പൈസസ് ബോർഡിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ (www.indianspices.com) ലഭ്യമാണെന്നും സ്പൈസസ് ബോർഡ് അറിയിച്ചു. ഏലം വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.