ടെൽ അവീവ്: ഹമാസ് ഭീകരർ ആയുധം താഴെവച്ച് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസേലി സേന നീക്കമാരംഭിച്ചതിനു പിന്നാലെയാണു മന്ത്രി ഇതു പറഞ്ഞത്.
ഇസ്രേലി വ്യവസ്ഥകൾക്കു യുദ്ധം നിർത്തിയില്ലെങ്കിൽ ഹമാസിനു മുന്നിൽ നരകവാതിൽ തുറക്കുമെന്നും ഇസ്രേലി സേന തവിടുപൊടിയാക്കിയ റാഫ, ബെയ്ത് ഹനൂൺ നഗരങ്ങളുടെ ഗതി ഗാസ സിറ്റിക്കുണ്ടാകുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ഇതിനിടെ, 60 ദിവസത്തെ വെടിനിർത്തലിനു ഹമാസ് സമ്മതിച്ച പദ്ധതി ഇസ്രേലി നേതൃത്വം ഏതാണ്ടു തള്ളിക്കളഞ്ഞുവെന്ന് ഉറപ്പായി. ഹമാസിന്റെ കസ്റ്റഡിയിലുള്ള 50 ബന്ദികളിൽ പാതിയെ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഇത്. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനുള്ള ചർച്ചയ്ക്കു നിർദേശം നല്കിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.