“ബ്യൂറോക്രസി യജമാനന്മാരല്ല, ജനാധിപത്യ സേവകരാണ്.”“പൊതുസ്ഥലത്ത് മോശമായി പെരുമാറിയ ആളെ “പാഠം പഠിപ്പിക്കൽ’ ആയിരുന്നു അയാളുടെ കസ്റ്റഡിമരണത്തിനു കാരണക്കാരായ പോലീസുകാരുടെ ഉദ്ദേശ്യം.”മേൽപ്പറഞ്ഞ രണ്ടു വാക്യവും രണ്ടു നിരീക്ഷണമാണ്. രണ്ടും ഹൈക്കോടതികളുടേത്. ആദ്യത്തേത് കേരള ഹൈക്കോടതിയുടേത്; ഛത്തീസ്ഗഡ് ഹൈക്കോടതിയാണു രണ്ടാമത്തെ നിരീക്ഷണം നടത്തിയത്. ജനാധിപത്യവ്യവസ്ഥയിൽ ബ്യൂറോക്രസിയുടെ സ്ഥാനം വ്യക്തമായി നിർവചിക്കുന്നതാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം.
സർക്കാരിനും ജനങ്ങൾക്കുമിടയിൽ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിൽ ബ്യൂറോക്രസിക്കു നിർണായക പങ്കുണ്ടെന്നാണ് കോടതി പറഞ്ഞുവയ്ക്കുന്നത്. ജനപ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരുടെ മനുഷ്യത്വംകൂടി ചേരുന്പോഴേ ജനാധിപത്യം വിജയിക്കൂ എന്നും, ഉദ്യോഗസ്ഥരിൽ മാനുഷികസ്പർശം ഉണ്ടായില്ലെങ്കിൽ സർക്കാരുകൾ പരാജയമാകുമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞുവച്ചു. ഒരു നീതിന്യായ കോടതിയിൽനിന്നു പ്രതീക്ഷിക്കുന്ന ഉന്നതനിലവാരത്തിലുള്ള പ്രസ്താവന.
ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ പരാമർശമാകട്ടെ, നിയമവാഴ്ചയോട് വിധേയത്വം പുലർത്തുന്ന ആരെയും അസ്വസ്ഥമാക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവമിങ്ങനെ: പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു ദളിത് യുവാവ് അറസ്റ്റിലാകുന്നു. അറസ്റ്റ് സമയത്തെ വൈദ്യപരിശോധനയിൽ പരിക്കുകളൊന്നുമില്ല. മണിക്കൂറുകൾക്കുള്ളിൽ അയാൾ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനിടെ ശരീരത്തിൽ കണ്ടെത്തിയത് 26 മുറിവുകൾ. കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരെ വിചാരണക്കോടതി കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ചു. ആ ശിക്ഷ, മനഃപൂർവമല്ലാത്ത നരഹത്യയായി ഹൈക്കോടതി കുറച്ചു. ആക്രമണം മരണകാരണമാകുമെന്നറിയാം. എന്നാൽ കൊലപാതകത്തിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നതാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ന്യായം.
ഈ വിധിയിലാണ് തുടക്കത്തിൽ പറഞ്ഞ “പാഠംപഠിപ്പിക്കൽ’ നിരീക്ഷണം.
ശിക്ഷ കുറച്ചതിലല്ല വിഷയം. മറിച്ച്, ആ സംഭവത്തിന്റെ വ്യാഖ്യാനത്തിലാണ്. ഉദ്യോഗസ്ഥർക്ക് ഒരു “പാഠം പഠിപ്പിക്കാനുള്ള’ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ എന്ന ലളിതവത്കരണമാണ് ഒരു ഹൈക്കോടതി നടത്തുന്നത്. അതോടെ കസ്റ്റഡി പീഡനങ്ങളെ സാധൂകരിക്കുന്ന അതേ യുക്തിയെ കോടതിതന്നെ ശരിവയ്ക്കുകയാണ്. നല്ലൊരു ലക്ഷ്യമുണ്ടായിരുന്ന പ്രവൃത്തി അല്പം അതിരു കടന്നുപോയി എന്നു മാത്രമേയുള്ളൂ എന്നാണ് കോടതിയുടെ പരാമർശത്തിന്റെ അർഥം.
കേരള ഹൈക്കോടതി വിധിയുടെ സാഹചര്യം നോക്കുക: തഹസിൽദാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ചു രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് നിരീക്ഷണം. വിചാരണ നേരിടണമെന്ന ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേ പ്രതി നല്കിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജിക്കാരന്റെ 76-കാരനായ ഭാര്യാപിതാവ് മൂന്ന് സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാന്‍ ഒന്നര വര്‍ഷംമുമ്പ് നല്കിയ അപേക്ഷ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തഹസില്‍ദാര്‍ അനുവദിച്ചില്ല.
തുടര്‍ന്ന് 2020ല്‍ താലൂക്ക് ഓഫീസില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാന്‍ ഹര്‍ജിക്കാരനും അപേക്ഷകനും പോയിരുന്നു. അപേക്ഷകനൊപ്പം മറ്റൊരാളുടെ സാന്നിധ്യം പാടില്ലെന്നു പറഞ്ഞ് തഹസില്‍ദാര്‍ തെളിവെടുപ്പിനു വിസമ്മതിച്ചതോടെ ബഹളംവച്ചെന്നും ക്ലാര്‍ക്കില്‍നിന്ന് ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്തേക്കിട്ടെന്നും കസേര നിലത്തടിച്ചെന്നും ആരോപിച്ചാണ് ഹര്‍ജിക്കാരനെതിരേ കേസെടുത്തത്.
ഇവിടെ, ഉദ്യോഗസ്ഥന്റെ മേൽക്കോയ്മ അംഗീകരിക്കുകയല്ല, സംഭവത്തിന്റെ മാനുഷികവശം പരിഗണിക്കുകയാണ് കോടതി ചെയ്തത്. ഒരു കാര്യം ചെയ്തുകിട്ടാൻ നിരന്തരം ശ്രമിച്ചു പരാജയപ്പെട്ട ഒരാളുടെ നിരാശാഭരിതമായ മാനസികാവസ്ഥ ആ ഉദ്യോഗസ്ഥൻ കാണണമെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സാധാരണ ജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു ക്ഷമയും സഹാനുഭൂതിയും അനിവാര്യമാണെന്നുകൂടി ഹൈക്കോടതി സൂചിപ്പിക്കുന്നു. ഉന്നതമായ ഈ നീതിബോധത്തിനു മുന്നിൽ നമുക്കു തലകുനിക്കാം.
ഛത്തീസ്ഗഡ് ഹൈക്കോടതി നിരീക്ഷണത്തിനു മുന്നിലും നമ്മൾ തലകുനിച്ചുപോകുകയാണ്. അത് ആദരവ് മൂലമല്ല, നിയമത്തിനതീതമായ പ്രവണതകൾക്കു ധാർമികപിന്തുണ നല്കുന്ന നീതിന്യായവ്യവസ്ഥയുടെ അധഃപതനം കണ്ടിട്ടാണ്. പോലീസ് നിർബന്ധിതമായ തിരുത്തൽ വരുത്തേണ്ട സംവിധാനമല്ല. മറിച്ച്, നിയമത്താൽ ബന്ധിതരായ, ഭരണഘടനയ്ക്കു കീഴിൽ പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരാണ്. പൊതുജനശല്യം പോലുള്ള ചെറിയ കുറ്റങ്ങളിൽ സംഭവിക്കുന്ന കസ്റ്റഡി അതിക്രമങ്ങളെ ന്യായീകരിക്കുന്പോൾ പോലീസിന്റെ ചുമതലകളുമായി ബന്ധപ്പെട്ട അതിർവരന്പുകൾ മാഞ്ഞുപോകുകയാണ്. ഭരണകൂടം അംഗീകരിക്കുന്ന ബലപ്രയോഗത്തിലൂടെയല്ല, നിയമപരമായ ശിക്ഷയിലൂടെയാണ് നീതി നടപ്പാക്കേണ്ടത്.
ഈ കേസിൽ മറ്റൊരു ഗൗരവതരമായ കാര്യവുമുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ് ഇര. പ്രതികൾക്കെതിരേ ചുമത്തിയ എസ്സി-എസ്ടി നിയമപ്രകാരമുള്ള വകുപ്പുകൾ വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടതുമില്ല. അക്രമം ജാതിപരമായ കാരണത്താലാണെന്നതിന് പ്രത്യേക തെളിവുകൾ ആവശ്യപ്പെട്ടാണിത്. ജാതിപരമായ അധികാരമെന്ന ഇന്ത്യൻ യാഥാർഥ്യത്തെ അവഗണിക്കുകയാണ് കോടതി ചെയ്തത്. കോടതി നിരീക്ഷണത്തിലെ വാക്കുകളുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്.
വാക്കുകൾ ഭാഷയിലേക്കും, ഭാഷ നിയമപരമായ യുക്തിയിലേക്കും നയരൂപീകരണത്തിലേക്കുമാണു നയിക്കുക. ഭാവിയിൽ ഒരു കുറ്റകൃത്യത്തെ അമിതാവേശത്തിന്റെ കള്ളിയിലൊതുക്കാനുള്ള പ്രവണത രൂപപ്പെടാനുള്ള വലിയ സാധ്യതയാണത്.നീതിന്യായവ്യവസ്ഥയിൽ ഉരുത്തിരിയുന്ന അപചയങ്ങളെക്കുറിച്ചുള്ള ചർച്ച ഇന്ത്യയിൽ അതീവഗൗരവത്തോടെ നടന്നുവരുന്നുണ്ട്. കർശനമായ നീതിബോധത്തിനപ്പുറം, ഭൂരിപക്ഷ പൊതുബോധത്തിലേക്കും ആൾക്കൂട്ടനീതിയുടെ അപകടകരമായ യുക്തികളിലേക്കും ചായുന്ന ജുഡീഷറിയെക്കുറിച്ചുള്ള ആശങ്ക നിയമവൃത്തങ്ങളിലും ജനാധിപത്യബോധമുള്ളവരിലും പടരുന്നുണ്ട്.
അതേസമയം, ഇപ്പോഴും ഇന്ത്യയിലെ സാധാരണ മനുഷ്യർക്കു വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നത് ജുഡീഷറി തന്നെയാണ്. മാറിവരുന്ന കാലത്തെ തെറ്റായ ചായ്വുകളും ചാഞ്ചാട്ടങ്ങളും പരമോന്നത നീതിപീഠം യഥാസമയം തിരുത്തി നീതിന്യായവ്യവസ്ഥയെ നിരന്തരം ശക്തിപ്പെടുത്തുമെന്നു പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാം.