ചാത്തന്നൂർ: കെഎസ്ആർടിസി ഊർജിത ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തും. രണ്ടു ദിവസം കൊണ്ട് 865 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യം.ചീഫ് ഓഫീസിൽ നടത്തുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോജ് ശങ്കർ, വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷാജി എന്നിവർ പങ്കെടുക്കും.
അദാലത്തിലെ അന്തിമ തീരുമാനത്തിൽ അപ്പീൽ നല്കാനോ കോടതിയെ സമീപിക്കാനോ ജീവനക്കാർക്ക് അവകാശമുണ്ടായില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർക്കെതിരേ വിജിലൻസിൽ കഴിഞ്ഞ മേയ് 31 വരെ ലഭിച്ചിട്ടുള്ള പരാതികളും ജീവനക്കാർക്കെതിരേയുള്ള അച്ചടക്കനടപടികളും അപകടങ്ങളിൽപ്പെട്ട് ഡാമേജ് സംഭവിച്ചതും അദാലത്തിൽ പരിശോധിച്ച് തീർപ്പാക്കും. ദീർഘകാലമായി ജോലി ചെയ്യാതെ വിട്ടുനിൽക്കുന്നവർക്ക് അദാലത്തിൽ പങ്കെടുക്കാൻ അവകാശമില്ല.
അപകടങ്ങളിൽപ്പെട്ട ബസുകളിലെ ഡ്രൈവർ ബസിന്റെ ഡാമേജ് തുക അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകളും മറ്റ് അച്ചടക്കനടപടികൾ നേരിടുന്നവർ അവരുടെ ഭാഗം ന്യായീകരിക്കുന്ന തെളിവുകളും ഹാജരാക്കണം. അദാലത്തിൽ പങ്കെടുക്കുന്നത് ഡ്യൂട്ടിയായി പരിഗണിക്കാൻ യൂണിറ്റ് ഓഫീസർ മാർക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്.
കാസർകോഡ് മുതൽ എറണാകുളം വരെയുള്ള ജീവനക്കാർക്ക് 26 ന് രാവിലെ എട്ടു മുതലും മറ്റ് തെക്കൻ ജില്ലകളിലുള്ളവർക്ക് 27-നുമാണ് അദാലത്ത് നടത്തുന്നത്. തിരുവനന്തപുരത്തെ ചീഫ് ഓഫിസിൽവച്ചാണ് അദാലത്ത്.
പ്രദീപ് ചാത്തന്നൂർ