ചെറുതോണി: ഹൈറേഞ്ചിൽ പനങ്കുരുവിന് ആവശ്യക്കാരേറുന്നു. പച്ചക്കുരുവിന് 12 രൂപ മുതൽ 15 രൂപ വരെ വ്യാപാരികൾ നൽകും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് പരിപ്പാക്കിക്കൊടുത്താൽ 40 മുതൽ 60 രൂപ വരെയും വില ലഭിക്കും. കഞ്ഞിക്കുഴി പഞ്ചായത്തിൽ പനങ്കുരു വാങ്ങുന്നവർ നിരവധിയുണ്ട്. നല്ല വില ലഭിക്കുമെങ്കിലും ഇതിന്റെ വിളവെടുപ്പ് കഠിനമാണ്.
പനങ്കുല വെട്ടി കയറിൽ തൂക്കിയിറക്കണം. പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചുവച്ചാൽ കായുടെ തൊലി അഴുകും. പിന്നീട് വള്ളിയിൽനിന്ന് കായെടുത്ത് ഇവ കൂട്ടിയിട്ട് ജീപ്പ് കയറ്റി തൊലികൾ നീക്കം ചെയ്യും. ശേഷം വെള്ളത്തിൽ കഴുകി വാരിയാണ് പനങ്കുരു ശേഖരിക്കുന്നത്.
സാധാരണ ആളുകൾ പനങ്കുല വെട്ടിയിറക്കി ചാക്കിലാക്കി വ്യാപാരികൾക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. 700 കിലോ തൂക്കമുള്ള പനങ്കുലവരെ ലഭിച്ചവരുണ്ട്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ പലരും ഇതിന് തയാറാവില്ല.
തമ്പാക്ക്, സുഗന്ധ മുറുക്കാൻ തുടങ്ങിയവയ്ക്ക് പനങ്കുരു ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. പനങ്കുരുവിന്റെ ഉപയോഗം വർധിച്ചതാണ് അടയ്ക്ക വിലയിടിയാൻ കാരണമെന്നും പറയുന്നുണ്ട്.