വടക്കഞ്ചേരി (പാലക്കാട്): മുടപ്പല്ലൂരിൽ വീണ്ടും മോഷണം. സംസ്ഥാന പാതയിൽ നിന്നു മുടപ്പല്ലൂർ പടിഞ്ഞാറേത്തറ വഴിയിലുള്ള കണ്ടപറമ്പിൽ സിബി മാത്യുസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. മുകളിലെ നിലയിലെ ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിമൂന്നര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കും രാത്രി ഒമ്പതിനും ഇടയ്ക്കുള്ള സമയത്താണ് സംഭവം. വടക്കഞ്ചേരി ടൗണിലെ സൂപ്പർ മാർക്കറ്റ് മാനേജരായ സിബിയും ഭാര്യയും ശ്രീജയും വൈകിട്ട് അഞ്ചരയോടെ വീടുപൂട്ടി പുറത്തുപോയി രാത്രി ഒമ്പതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ വടക്കഞ്ചേരി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.
അടുക്കള ഭാഗത്ത് തറയിൽ വച്ചിരുന്ന വലിയ വാട്ടർടാങ്കിനു മുകളിൽ പെയിന്റ് ബക്കറ്റ് കമഴ്ത്തി വച്ച് അതിൽ ചവിട്ടി സൺ ഷെയ്ഡിൽ കയറിയാണ് മോഷ്ടാവ് മുകളിലെ നിലയിലേക്ക് കയറിയിട്ടുള്ളതെന്ന് സംശയിക്കുന്നു. മുകളിലെ തുറന്ന സ്ഥലത്ത് തുണികൾ ഉണക്കാനിടാൻ കടക്കുന്ന ഡോർ കുത്തിപ്പൊളിച്ചു കടന്ന് ബെഡ്റൂമിലെ അലമാര പൊളിച്ചാണ് സ്വർണം കവർന്നിട്ടുള്ളത്. ബെഡ്റൂമിലെ ജനലിന്റെ കൊതുകു നെറ്റും തകർത്തിട്ടുണ്ട്.
വീടിന്റെ മൂന്നു ഭാഗവും വീടുകളുള്ള സ്ഥലമാണ്. എന്നാൽ പിറകിൽ ആളൊഴിഞ്ഞ മറ്റൊരാളുടെ സ്ഥലമാണ്. ഇവിടെ കെട്ടിട നിർമാണം നടക്കുന്നുണ്ട്. ഈ ഭാഗത്ത് സിബിയുടെ വീടിന്റെ ചുറ്റുമതിലിനും ഉയരം കുറവുമാണ്. കൂട്ടാതെ അടച്ചിരുന്ന മുന്പിലെ ഗേറ്റും തുറന്നു കിടന്നിരുന്നതായി സിബി പറഞ്ഞു.
സിബി ദിവസവും നാലിന് ശേഷം ഷോപ്പിൽ എത്താറുണ്ട്. ഭാര്യ ശ്രീജ ഇന്നലെ മണ്ണുത്തിയിലെ ബന്ധുവീട്ടിലും പോയതായിരുന്നു. കവർച്ചയ്ക്കുപിന്നിൽ വീട്ടുകാരെ നിരീക്ഷിച്ചിരുന്ന സംഘമാണെന്ന നിഗമനവും ബലപ്പെട്ടിട്ടുണ്ട്. ഒരു മാസം മുമ്പ് ഇതിനടുത്തു തന്നെയുള്ള മറ്റൊരു വീട്ടിലും കവർച്ച നടന്നിരുന്നു.