കൊച്ചി: നൂതന വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടാനായി പാരമ്പര്യവും കരവിരുതും യോജിപ്പിച്ച് കേരളത്തില്‍ കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റെല്‍സ്, ഉപഭോക്താവിന്റെ മനം അറിഞ്ഞ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള കൈത്തറി വസ്ത്രങ്ങള്‍ ബൊട്ടിക് മാതൃകയില്‍ വിപണിയില്‍ എത്തിക്കാനാണ് കൈത്തറി ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി)യുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കണ്ണൂരി (ഐഐഎച്ച്ടി) ന്റെയും സഹകരണത്തോടെ കൊച്ചിയിലാണ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിക്കുക. ഇതിനുളള രൂപരേഖ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു.
കേരള കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ഡിസൈന്‍ ഇന്നോവേഷനില്‍ പ്രഫഷണല്‍ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി സമകാലികവും വിപണനം ചെയ്യാവുന്നതുമായ ഡിസൈനുകള്‍ സൃഷ്ടിക്കുകയാണ് ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. ഡിസൈന്‍, ഫാഷന്‍, കൈത്തറി സാങ്കേതികവിദ്യ എന്നിവയിലെ മുന്‍നിര സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, കേരള കൈത്തറിയെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ബ്രാന്‍ഡായി സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കൈത്തറി മേഖലയിലെ നെയ്ത്തുകാരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ സാങ്കേതിക വിദ്യകള്‍, വിപണി പ്രവണതകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റര്‍ വീവര്മാരെ പ്രാപ്തരാക്കും. കൈത്തറി വ്യവസായത്തിനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ക്ലസ്റ്റര്‍ പ്രോജക്ടിലൂടെ തറികള്‍, ആക്സസറികള്‍ പോലുള്ള ഇനങ്ങളുടെ വിതരണം, ലൈറ്റിംഗ് യൂണിറ്റുകള്‍, വര്ക്ക്ഷെഡുകളുടെ നിര്‍മാണം, ഡിസൈനറുടെ ഇടപെടല്‍, ഉല്‍പ്പന്നവികസനം തുടങ്ങിയവയൊക്കെ നടത്തുന്നുണ്ട്. എങ്കിലും ഈ രംഗത്തേക്ക് പുതുതലമുറ കൂടുതലായി എത്തുന്നില്ലെന്നതാണ് കൈത്തറി മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്.
ഓണം കളറാക്കാന്‍ ബാലരാമപുരം, കൂത്താമ്പുള്ളി. ചേന്ദമംഗലം കൈത്തറി വസ്ത്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ വിപണിയില്‍ ഉണ്ടെങ്കിലും ഇവയെല്ലാം അടുത്ത ഓണക്കാലത്ത് കൂടുതല്‍ കസ്റ്റമൈസ്ഡ് ആകുമെന്ന പ്രതീക്ഷയിലാണ് കൈത്തറി വസ്ത്ര പ്രേമികള്‍.
സീമ മോഹന്‍ലാല്‍