“കേളികളാടി മുധരാഗ മാലകള്‍ പാടി
കരം കൊട്ടി ചാലവേ ചാടി
തിരുമുന്നില്‍ താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം
നല്ല കേളി ജഗത്തില്‍ വളര്‍ത്തേണം… ‘
ദശപുഷ്പം ചൂടി കത്തിച്ചു വച്ചു നിലവിളക്കിനു മുന്നില്‍ അവര്‍ കുമ്മിയടിച്ച് ആടി തിമര്‍ക്കുകയാണ്. ഇന്‍ഫോപാര്‍ക്ക് ലാസ്യമഞ്ജരി തിരുവാതിര സംഘമാണ് ഓണനാളുകളില്‍ തിരുവാതിരകളിയുമായി ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സംഘത്തിലുള്ളവരില്‍ ഏറേയും ടെക്കികളാണെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ടുതന്നെ ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്ക് ഈ ഓണക്കാലം തിരുവാതിര കളിയുടേതാണ്. ടെന്‍ഷന്‍ നിറഞ്ഞ ജോലിക്കിടയിലെ ഒഴിവു സമയത്ത് റിഹേഴ്സല്‍ നടത്തിയാണ് ഇവര്‍ വേദികളില്‍ തിളങ്ങുന്നത്.
നിര്മലച്ചേച്ചിയുടെ വാക്കുകള്‍ പ്രചോദനമായി
“ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന് തിരുവാതിര കളിക്കാന്‍ വരുന്നോ?’– കാക്കനാട് നിലംപതിഞ്ഞിമുകള്‍ “കോണ്‍ഫിഡന്റ് കാപ്പല്ല’ ഫ്ളാറ്റിലെ ജീവനക്കാരി നിര്മലച്ചേച്ചിയുടെ വാക്കുകളാണ് ടെക്കികളെ തിരുവാതിരകളിയിലേക്ക് എത്തിച്ചത്. നൃത്താധ്യാപിക ബിന്ദു വേണുഗോപാല്‍ തിരുവാതിരകളി പഠിപ്പിക്കാമെന്നേറ്റു. ഐടി ജോലിയുടെ തിരക്കുകളും സമ്മര്‍ദവും മറന്ന് ജോലി കഴിഞ്ഞുള്ള രാത്രി സമയങ്ങളില്‍ അവര്‍ തിരുവാതിര പരിശീലനത്തിനായി മാറ്റിവച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ എളമ്പാത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി അംഗമായ നിര്‍മല ഈ ക്ഷേത്രത്തില്‍ ആദ്യ വേദിയൊരുക്കി. അങ്ങനെ ഇന്‍ഫോപാര്‍ക്കിലെ ടെക്കി കലോത്സവങ്ങളിലും ആഘോഷ വേളകളിലും മാത്രം തിരുവാതിര കളിച്ചിരുന്ന പെണ്‍സംഘം, ആദ്യമായി പുറത്തെ വേദിയില്‍ ചുവടുവച്ചു. “കോണ്‍ഫിഡന്റ് കാപ്പല്ല’ ടീം എന്ന പേരിലായിരുന്നു തിരുവാതിര അരങ്ങേറ്റം. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ പലരും ഈ സംഘത്തിന്റെ കൂടെ കൂടി. അതോടെ ലാസ്യമഞ്ജരി തിരുവാതിരസംഘം, ഇന്‍ഫോപാര്‍ക്ക് എന്ന പേരിലേക്ക് ടീം മാറിയത്.
അവിശ്വസനീയം തൃക്കാക്കര ക്ഷേത്രത്തിലെ അവതരണം
തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണോത്സവത്തോടനുബന്ധിച്ച് ആദ്യ ദിനം തന്നെ പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മഹാ ഭാഗ്യമായി കരുതുന്നുവെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്. ഉത്സവത്തിന്റെ ഒന്നാം ദിവസമായ കഴിഞ്ഞ 27 നാണ് സംഘം അവിടെ തിരുവാതിരകളി അവതരിപ്പിച്ചത്. ഓണോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളക്ക് തെളിയിച്ച് പരിപാടി അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് ടെക്കികള്‍. ഇതിനകം പത്തോളം ക്ഷേത്രങ്ങളില്‍ ലാസ്യമഞ്ജരി സംഘം തിരുവാതിരകളി അവതരിപ്പിച്ചു കഴിഞ്ഞു. കാക്കനാട്ടെ അതി പുരാതനമായ പാട്ട്പുരക്കാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത് ലാസ്യ മഞ്ജരിയുടെ തിരുവാതിരയിലൂടെയാണ്. അതിന്റെ ഒരു ത്രില്ലിലാണ് ഇപ്പോള്‍ ഈ ടെക്കികള്‍.
അവര്‍ 18പേര്
ഐടി ജീവനക്കാരികളായ ശ്വേത അനീഷ്, സൗമ്യ കിഷോര്‍, മയൂഷ ശ്രീനാഥ്, അഞ്ജന അജയന്, ശരണ്യ മോഹന്‍ബാബു, ക്രിസ്റ്റീന പ്രത്യുഷ്, കാര്‍ത്തിക ദേവു, ജ്യോതിലക്ഷ്മി ഗോപകുമാര്‍, ചിത്ര വിനീത്, എസ്. അഞ്ജു, ദീപ റിജിന്‍, ഐശ്വര്യ, അഭിജ്ഞ സുരേഷ്, ഭാവിനി വേണുഗോപാല്‍, സ്റ്റെനി, ആശ സജി, സന്ധ്യ പളനിസ്വാമി, നൃത്താധ്യാപിക ബിന്ദു വേണുഗോപാല്‍ എന്നിവരടങ്ങുന്നതാണ് ലാസ്യമഞ്ജരി ടീം.
സീമ മോഹന്‍ലാല്‍