ആലപ്പുഴ: തിരുവോണനാളിലും കുടിവെള്ളത്തിനായി ക്ലേശിച്ച് ഒരു നാട്. പുറക്കാട് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളായ ഇല്ലിച്ചിറയിലെ എഴുപതോളം കുടുംബങ്ങളാണ് രണ്ടു മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്. ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളാണ് ഇവിടുള്ളത്. നേരത്തെ പൊതു ടാപ്പ് ഉണ്ടായിരുന്ന കാലത്തു കുടിവെള്ളത്തിന് ക്ഷാമമില്ലായിരുന്നു. എന്നാൽ, പിന്നീട് ഹൗസ് കണക്ഷൻ ഏർപ്പെടുത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായി.
ചില സ്ഥലങ്ങളിൽ പൈപ്പ് ലൈൻ പൊട്ടിയതാണ് ഈ പ്രദേശത്തു കുടിവെള്ളം തടസപ്പെടാൻ കാരണം. പലതവണ പഞ്ചായത്ത്, വാട്ടർ അഥോറിറ്റി അധികൃതർക്കു പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുളളവർ കിലോമീറ്ററുകൾ അപ്പുറത്ത് ടിഎസ് കനാലിനു പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വ്യക്തിയുടെ വീട്ടിൽനിന്നാണ് ഇവിടേക്കു വള്ളത്തിൽ വെള്ളം കൊണ്ടുവരുന്നത്.
തോട്ടിലെ മലിനജലം
കുളിക്കാനും മറ്റു വീട്ടാവശ്യങ്ങൾക്കും രണ്ടു മാസമായി വെള്ളമില്ല. മാലിന്യം നിറഞ്ഞ ഇല്ലിച്ചിറ തോട്ടിലെ വെള്ളം തുണി, പാത്രം എന്നിവ കഴുകാനും കുളിക്കാനും ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കുടത്തിലും കലത്തിലുമൊക്കെ ഈ മലിനജലം വീട്ടമ്മമാർ തലയിലേന്തിയാണ് വീടുകളിലെത്തിക്കുന്നത്.
ഓണദിനത്തിലും കുടിവെള്ളത്തെക്കുറിച്ചാണ് ഇവരുടെ ആശങ്ക. മാസങ്ങളായി ഇത്രയും കുടുംബങ്ങൾ നരകയാതന അനുഭവിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. കുടിക്കാനുള്ള വെള്ളമെങ്കിലും എത്തിച്ചുതരാൻ അധികാരികൾ കനിയണമെന്നാണ് ഇവരുടെ അപേക്ഷ.