മങ്കൊമ്പ്: ചങ്ങനാശ്ശേരിയിൽ നിന്നുള്ള സർവീസുകൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ വെട്ടി ചുരുക്കിയതിനാൽ, തിരുവോണ ദിവസം കുട്ടനാട്ടിലെ നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. നാല് ബസ്സുകൾ സർവീസ് നടത്തുന്ന കൃഷ്ണപുരം കാവാലം റൂട്ടിൽ ഇന്നലെ ഒരെണ്ണം മാത്രമാണ് ഓടിയത്.
ചങ്ങനാശ്ശേരി തുരുത്തി വാലടി കാവാലം റൂട്ടിലെ യാത്രാക്ലേശം തുടരുന്നതായാണ് യാത്രക്കാരുടെ പരാതി. ഇന്നും മണിക്കൂറുകളോളം ചങ്ങനാശ്ശേരിയിലും, കാവാലത്തുമൊക്കെ യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിശേഷ ദിവസങ്ങളിലെ ട്രിപ്പുകൾക്കു മുടക്കം വരാത്ത വിധം, ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി, കാര്യക്ഷമമായ സർവീസുകൾ മുൻ വർഷങ്ങളിലെല്ലാം നടത്തിവന്നിരുന്ന റൂട്ടാണിത്.
ചങ്ങനാശ്ശേരിജനറൽ ആശുപത്രിയിയിൽ ചികിത്സയ്ക്കു പോകാൻ കഴിയാതിരുന്ന വയോധികരും വലഞ്ഞവരിലുൾപ്പെടുന്നു. പുലർച്ചെ മുതലുള്ള ബസുകൾ കാവാലത്തിന് അയച്ചില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. രാവിലെ ഏഴരയ്ക്കു ശേഷമാണ് ബസ് സർവ്വീസ് ആരംഭിച്ചത്. സമയം, ജീവനക്കാരുടെ അപര്യാപ്തയാണ് സർവീസ് മുടക്കങ്ങൾക്ക് കാരണമെന്നാണ് ഉയർന്ന ജീവനക്കാർ പറയുന്നത്. ഈ റൂട്ടിലേക്ക് കാര്യക്ഷമമായി സർവീസ് നടത്തണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു.