മല്ലപ്പള്ളി: ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുലിയിടശേരില്‍ രഘുനാഥന് (62), ഭാര്യ സുധ (55) എന്നിവരെയാണ് തിരുവോണനാളില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ആലുവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മകന് അജയ് വ്യാഴാഴ്ച രാത്രി 7.30ന് മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.
പിന്നീട് രാത്രിയില്‍ വിളിച്ചപ്പോള്‍ മാതാപിതാക്കളെ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്നു രാവിലെ വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അജയ്യുടെ ബന്ധുകൂടിയായ സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് സുധയെ കഴുത്തിന് ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ മുറ്റത്തു കിടക്കുന്നത് കണ്ടെത്തിയത്.
തുടര്‍ന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോളും മെംബര്‍മാരായ രോഹിണി ജോസും ബിജു പുറത്തൂടനും കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലെ പി.എച്ച്. അന്‍സിം എന്നിവര്‍ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള സ്റ്റോര്‍ മുറിയില്‍ രഘുനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് സംശയിക്കുന്നു. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. കൊല്ലത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സംസ്കാരം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നടക്കും.