കായംകുളം: കോൺഗ്രസ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ കായംകുളത്തെ സിപിഎം എംഎൽഎ യു. പ്രതിഭയെ പങ്കെടുപ്പിച്ചതിനെതിരേ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.
കെപിസിസി പ്രസിഡന്റിനും കെ.സി. വേണുഗോപാൽ എംപിക്കും ഇവർ ഇതുസംബന്ധമായി പരാതി നൽകി. യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷത്തിൽ എംഎൽഎ പങ്കെടുക്കുന്നതിന്റെയും മറ്റും വീഡിയോകളും വാർത്തകളും വലിയ ചർച്ചയ്ക്ക് ഇടനൽകിയിരുന്നു.
രാഷ്ട്രീയവൈരം മറന്ന് എംഎൽഎ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ അഭിനന്ദിച്ച് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളും വ്യാപകമായിരുന്നു. പരിപാടിയിൽ പങ്കെടുപ്പിച്ചതുകൊണ്ട് എംഎൽഎക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അടുത്തിടെ കോൺഗ്രസ് ഓഫീസിനു മുന്നിലെ ഫ്ളെക്സ് ബോർഡുകൾ തകർക്കുകയും നേതാക്കളെ ഒരു സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതു സിപിഎം പ്രവർത്തകരാണെന്നാരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഇതിനിടെ സിപിഎം കോൺഗ്രസ് സംഘർഷമുണ്ടാകുകയും പോലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന കെ. പുഷ്പദാസിന് സംഘർഷത്തിൽ മർദനമേറ്റിരുന്നു. കെപിസിസി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കൾ കായംകുളത്ത് എത്തി പുഷ്പദാസിനെ സന്ദർശിക്കുകയും സിപിഎം ആക്രമണത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച കോൺഗ്രസ് പ്രകടനവും സമ്മേളനവും നടത്തിയിരുന്നു. യുഡിഎഫ് ചെയർമാൻ അടൂർ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സിപിഎം ആക്രമണത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു .
ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ഓണാഘോഷത്തിൽ യു. പ്രതിഭ എംഎൽഎയെ പങ്കെടുപ്പിച്ചത്. ഇതു പക്വതയില്ലായ്മയാണെന്നും യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയെ പരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.