പരവൂർ (കൊല്ലം): ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫിന് ( ഒബിഎച്ച്എസ്) യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ കൗൺസലിംഗ് നൽകാൻ റെയിൽവേ ബോർഡ് തീരുമാനം.യാത്രയ്ക്കിടയിൽ യാത്രക്കാരിൽ ജീവനക്കാരെക്കുറിച്ച് നല്ല മതിപ്പ് സൃഷ്ടിക്കാനും ഇവരെക്കൊണ്ട് കൂടുതൽ വിനയപുരസരം ഇടപെടൽ നടത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശവും അധികൃതർ പുറപ്പെടുവിച്ച് കഴിഞ്ഞു.
യാത്രക്കാരിൽ വിശ്വാസം വളർത്തുന്നതിനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും യാത്രയുടെ തുടക്കത്തിൽ തന്നെ ഉദ്യോഗസ്ഥർ അടക്കമുള്ള ഒബിഎച്ച്എസ് ജീവനക്കാർ ഇനി മുതൽ സ്വയം പരിചയപ്പെടുത്തണം.ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ അവരുടെ എല്ലാ സോണുകളിലെയും ഒബിഎച്ച്എസ് ജീവനക്കാർക്ക് കൗൺസലിംഗ് സെഷനുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്.
അടുത്തിടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ഓൺ ബോർഡ് പരിശോധനയെത്തുടർന്നാണ് സിസ്റ്റം മെച്ചപ്പെടുത്താൻ നിർദേശം നൽകിയിട്ടുള്ളത്.ട്രെയിൻ പുറപ്പെടുന്നത് മുതൽ യാത്ര അവസാനിക്കുന്നത് വരെ യാത്രക്കാരെ സഹായിക്കാൻ ഒബിഎച്ച്എസ് ജീവനക്കാരുടെ സാന്നിധ്യം ഉണ്ടാകണം. ഇത് കൃത്യമായി പാലിക്കുന്നു എന്ന കാര്യം മേലുദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കുകയും വേണം. ഇതിന്റെ മേൽനോട്ട ചുമതല എല്ലാ സോണുകളിലെയും മേധാവികളിൽ നിക്ഷിപ്തമായിരിക്കും.
2006-ൽ ആണ് ആറ് മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ പൈലറ്റ് പദ്ധതിയായി റെയിൽവേ ബോർഡ് ഒബിഎച്ച്എസ് നടപ്പിലാക്കിയത്. ഇത് വിജയകരമായതിനെത്തുടർന്ന് കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1,200 ജോഡി പ്രധാന മെയിൽ – എക്സ്പ്രസ് ട്രെയിനുകളിൽ ഈ പദ്ധതി നിലവിലുണ്ട്.
ഈ സംരംഭത്തിന് കീഴിൽ കോച്ചുകൾ, ടോയ്ലറ്റുകൾ, മറ്റ് ഓൺബോർഡ് സൗകര്യങ്ങൾ എന്നിവയുടെ ശുചിത്വം കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ്.എന്നാൽ അടുത്തിടെ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ ഓഡിറ്റിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. തെരഞ്ഞെടുത്ത 15 ട്രെയിനുകളിലാണ് ഓഡിറ്റ് വിഭാഗം വിശദമായ പരിശോധന നടത്തിയത്.
ഇവയിൽ 13 ട്രെയിനുകളിലും ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സംവിധാനത്തിന്റെ അവസ്ഥ പരമ ദയനീയം എന്നാണ് പരിശോധനാ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചും റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബിഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം അടക്കമുള്ള നടപടികൾ പ്രാവർത്തികമാക്കാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചത്.
- എസ്.ആർ. സുധീർ കുമാർ