മോസ്കോ: ഇന്ത്യ-റഷ്യ ബന്ധം തകർക്കാനുള്ള അമേരിക്കയുടെ ശ്രമം വിജയിക്കില്ലെന്ന് റഷ്യ. അമേരിക്കയുടെ അധികത്തീരവ ഭീഷണിക്കിടയിലും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരേ മറ്റു രാജ്യങ്ങളോട് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയ്ക്കു സമാനമായ താരിഫ് ചുമത്താൻ ഡൊണൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
ഇന്ത്യയുമായുള്ള ബന്ധം പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. സ്ഥിരമായി പുരോഗമിക്കുന്നതുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നത് അവസാനിപ്പിക്കാൻ അമേരിക്കയിൽനിന്നും നാറ്റോ രാജ്യങ്ങളിൽനിന്നും നിരന്തര സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യ കൈക്കൊണ്ട നിലപാടിനെ റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ഭീഷണികൾക്കിടയിലും ഇന്ത്യ പ്രതിബദ്ധത തുടരുന്നതായും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സൈനിക ഉപകരണങ്ങളുടെ ഉത്പാദനം, മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ദൗത്യം, ആണവോർജം, റഷ്യൻ എണ്ണ പര്യവേക്ഷണത്തിലെ ഇന്ത്യൻ നിക്ഷേപങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. പുതിയ പേയ്മെന്റ് സംവിധാനങ്ങളുടെ വികസനത്തിലും ദേശീയ കറൻസികളുടെ ഉപയോഗം വർധിപ്പിക്കുന്നതിലും ബദൽ ഗതാഗത, ലോജിസ്റ്റിക് റൂട്ടുകൾ മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം ഊന്നിപ്പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങിയതിന് കഴിഞ്ഞ മാസം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അടിസ്ഥാന താരിഫും 25 ശതമാനം പിഴ താരിഫും അമേരിക്ക ചുമത്തിയിരുന്നു. യുക്രെയ്ൻ സംഘർഷത്തെ ഇന്ത്യ പരോക്ഷമായി സഹായിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.