വാഷിംഗ്ടൺ ഡിസി: താൻ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയല്ലെന്നും അവരെ മതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വാൻസ് വ്യക്തമാക്കി. ഭാര്യയുടെ മതവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്.
തന്റെ വിമർശകർ ന്ധവെറുപ്പ്’ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വാൻസ് ആരോപിച്ചു. ഉഷയുടെ മതത്തെക്കുറിച്ച് വെറുപ്പുളവാക്കുന്ന അഭിപ്രായം പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാൻസ് സമൂഹമാധ്യമത്തിലെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ തന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞതാണ് വിവാദമായത്. ഉഷ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നും കുട്ടികൾ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളരുന്നതെന്നും വാൻസ് പറഞ്ഞിരുന്നു. പ്രസ്താവനയെത്തുടർന്ന്, ഉഷയുടെ ഹിന്ദുസ്വത്വത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്ന് വാൻസിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.

