ചാത്തന്നൂർ: കെഎസ്ആർടിസി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രുപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ഗാനമേള ട്രൂപ്പ്. കലാപ്രതിഭകൾക്ക് അവസരവും ആദരവും അതിലൂടെ വരുമാനവും നേടി കൊടുക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്. കന്നിമാസം കഴിഞ്ഞാൽ പിന്നെ ക്ഷേത്രോത്സവങ്ങളുടെ സീസൺ തുടങ്ങുകയാണ്. കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന് ജനങ്ങളിൽനിന്നു സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. മറ്റ് ഗാനമേള ട്രൂപ്പുകളെക്കാൾ നിരക്ക് വ്യത്യാസവും ഉണ്ടാകും.
മന്ത്രി കെ. ബി. ഗണേശ് കുമാർ പങ്കെടുത്ത നിരവധി വേദികളിൽ ജീവനക്കാരും കുടുംബാംഗങ്ങളും മികച്ച രീതിയിൽ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ താരം കൂടിയായ മന്ത്രി കെഎസ്ആർടിസിയിൽ കലാ- സാംസ്കാരിക സംഘടന രൂപീകരിക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിഎംഡി പ്രമോജ് ശങ്കർ ഇപ്പോൾ ജീവനക്കാരിൽനിന്ന് എൻട്രികൾ സ്വീകരിക്കാൻ നടപടി എടുത്തത്.
വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയിൽ കലാ സാംസ്കാരിക സംഘടനയും മികച്ച ഫുട്ബോൾ, വോളിബോൾ ടീമുകളുമുണ്ടായിരുന്നു. ഈ വർഷം കെഎസ്ആർടിസി ജീവനക്കാർ സംസ്ഥാനാടിസ്ഥാനത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ്് സംഘടിപ്പിച്ചിരുന്നു. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുന്ന ഗാനമേള ട്രൂപ്പിലേയ്ക്ക് 25 – നകം എൻട്രികൾ അയയ്ക്കണം.
പാട്ടിലും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലുമുള്ള പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മൂന്നു മുതൽ അഞ്ചു മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയോയും മുമ്പ് മികച്ച പ്രകടനത്തിന് സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പ്രദീപ് ചാത്തന്നൂർ