ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 413 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.5 ഓവറില്‍ 412 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍.
31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ മൂണി കരിയറിലെ വേഗമേറിയ അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. 57 പന്തില്‍ സെഞ്ചുറിയിലെത്തി. വനിതാ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. ഒരറ്റത്ത് പങ്കാളികളെ നഷ്ടമായപ്പോഴും മൂണി ആക്രമണം തുടര്‍ന്നു.
ടീം ടോട്ടല്‍ 377 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യക്കെതിരെ ഒരു ടീം ഉയര്‍ത്തുന്ന വലിയ ടീം ടോട്ടലെന്ന റിക്കാർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. പിന്നാലെ 45-ാം ഓവറില്‍ മൂണി റണ്ണൗട്ടായി. മൂണിക്കുപുറമെ ജോര്‍ജിയ വോള്‍ (81) എല്‍സി പെറി (68) ആഷ്ലി ഗാര്‍ഡ്നര്‍ (39) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്നും രേണുക സിംഗും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ കളി ജയിച്ചിരുന്നു.
മൂണിക്ക് സെഞ്ചുറി; ഇന്ത്യക്ക് മുന്നില്‍ റണ്‍മല തീർത്ത് ഓസീസ്
