കൈനകരി: കൈനകരി പഞ്ചായത്തിലെ മുണ്ടയ്ക്കൽ ഓവർ ഹെഡ് വാട്ടർ ടാങ്കാണ് ഇപ്പോൾ നാട്ടിൽ ചർച്ചാവിഷയം. ചാന്പ്യൻസ് ബോട്ട് ലീഗ് നടന്ന ദിവസം ടാങ്കിനുമേൽ ഉയർന്ന ഒരു ബാനറാണ് ടാങ്കിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. മൂത്രം വിൽക്കപ്പെടും എന്ന വലിയ ഫ്ളക്സ് ബോർഡാണ് കഴിഞ്ഞ 19ന് ജലസംഭരണിക്കു മുകളിൽ ഉയർന്നത്.
വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളത്തിനു ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണ് കൈനകരി. പഞ്ചായത്തിലെ പമ്പാനദിക്കു കിഴക്കുള്ള രണ്ടു മുതൽ എട്ടു വരെയുള്ള വാർഡുകളിൽ കുടിവെള്ളം വിതരണം നടത്തുന്നത് മുണ്ടയ്ക്കൽ ജലസംഭരണിയിൽനിന്നാണ്. എന്നാൽ, പല ദിവസങ്ങളിലും ജലവിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു.
മാത്രമല്ല ടാങ്കിന്റെ ചുവട്ടിലും വാൽവിനു മീതെയും വർഷം മുഴുവൻ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയിലുമാണ്. ഇതിൽ പ്രതിഷേധിച്ചാണ് വള്ളംകളി ദിനത്തിൽ “മൂത്രം വിൽക്കപ്പെടും’ എന്ന ബാനർ ടാങ്കിനു മുകളിൽ നാട്ടുകാർ ഉയർത്തിയത്.
മുടങ്ങുന്ന വെള്ളം
പള്ളാത്തുരുത്തിയിൽ നിലവിലിരുന്ന മൂന്നു കുഴൽ കിണറുകളിൽ ഒന്നിൽനിന്നാണ് രണ്ടര കിലോമീറ്റർ മാറി പമ്പാനദിയും കടന്നുള്ള മുണ്ടയ്ക്കൽ ഓവർ ഹെഡ് ടാങ്കിൽ വെള്ളം എത്തിച്ചിരുന്നത്. രാത്രിയിൽ ടാങ്കിൽ വെള്ളം നിറച്ച് വാർഡ് അടിസ്ഥാനത്തിൽ തെക്കോട്ടും വടക്കോട്ടും ഇടവിട്ടുള്ള ദിവസങ്ങളിലായിരുന്നു വെള്ളം വിതരണം ചെയ്തിരുന്നത്.
മിക്ക ദിവസങ്ങളിലും പല വാർഡുകളിലും ആവശ്യത്തിനുള്ള വെള്ളം എത്തിയിരുന്നില്ല. കൂടാതെ പള്ളാത്തുരുത്തിയിലെ കുഴൽക്കിണർ തകരാറിലാകുമ്പോഴെല്ലാം ഈ ടാങ്കിൽനിന്നുള്ള വെള്ളം വിതരണവും മുടങ്ങുന്നതും പതിവായിരുന്നു.
വെള്ളക്കെട്ടിലെ ടാങ്ക്
നിലവിലുള്ള പുറംബണ്ടിനേക്കാളും സമീപ പുരയിടങ്ങളേ ക്കാളും രണ്ട് അടിയോളം താഴ്ചയിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്ന പുരയിടം. അതിനാൽ വർഷം മുഴുവൻ ഈ പുരയിടം വെള്ളക്കെട്ടാണ്. മലിനജലം നിറഞ്ഞ് വൃത്തിഹീനമാണ് ടാങ്കിന്റെ ചുറ്റുവട്ടം. തെക്ക് ഭാഗത്തേക്കും വടക്കു ഭാഗത്തേക്കും വെള്ളം തുറന്നു വിടാനുള്ള വാൽവുകൾ പുരയിടത്തേക്കാൾ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നത്.
അതു മലിനജലത്തിലുമാണ്. ജലസംഭരണി സ്ഥിതി ചെയ്യുന്ന പുരയിടം കാട് മൂടി ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും താവളമായി. വാൽവ് തുറക്കുമ്പോഴും അല്ലാതെയും പുരയിടത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ജലവിതരണ പൈപ്പുകളിലൂടെ വെള്ളത്തിൽ കലരുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
ഗോവണി തകരാറിൽ
ജലസംഭരണിയിലേക്കുള്ള ഗോവണിപ്പടികൾ മുഴുവൻ അപകടകരമായ രീതിയിൽ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞു കാണാം. ഈ ഗോവണിയിൽ ആളുകൾ കയറാതിരിക്കാൻ തടസങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. പലപ്പോഴും മദ്യപസംഘത്തിനും സാമൂഹ്യ വിരുദ്ധർക്കും ഇതു സൗകര്യമാകുന്നു. ഇതു സമീപവാസികൾക്കും ശല്യമാണ്. ബാനർ പ്രതിഷേധം നടത്തിയിട്ടാണെങ്കിലും ഇപ്പോൾ കുഴൽക്കണർ നിർമാണത്തിനു ശ്രമം തുടങ്ങിയതിൽ നാട്ടുകാർ സന്തോഷത്തിലാണ്.

