ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകുന്നേരം നാലിനുശേഷം അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനു കാരണമായത്. അക്രമസംഭവങ്ങളുടെ പഴയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നലെ വൈകുന്നേരം മുതൽ അനിഷ്ഠസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്.
അതേസമയം, പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നാല് പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 80 പേർക്കു സംഭവത്തിൽ പരിക്കേറ്റു.
പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി
ന്യൂഡൽഹി: ലഡാക്കിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്ന് ബിജെപി നേതൃത്വം. പ്രാദേശികനേതാക്കൾക്കു കോൺഗ്രസിന്റെ പിന്തുണ ലഭിച്ചിരുന്നതായും ബിജെപി ആരോപിച്ചു. അക്രമികൾ വൻനാശം വിതയ്ക്കാൻ ലക്ഷ്യമിട്ടിരുന്നതായും ബിജെപി ആരോപിച്ചു.
അതേസമയം, ലഡാക്കിലെ അക്രമത്തിനു കാരണം 2020-ൽ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ നിന്നു പിന്തിരിഞ്ഞതും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്ക് പറഞ്ഞു.
പ്രതിഷേധങ്ങൾ കത്തിപ്പടരുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം ദേശീയമാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വാങ്ചുക്ക്.