ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയപ്പോൾ മത്സരത്തിലെ താരമായത് 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമയായിരുന്നു.
എന്നാൽ ഓരോ മത്സരത്തിനുശേഷവും ഡ്രസിംഗ് റൂമിൽ ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന ഇംപാക്ട് പ്ലേയർ പുരസ്കാരം ലഭിച്ചത് തിലക് വർമക്കായിരുന്നില്ല.
ശിവം ദുബെയാണ് ഇംപാക്ട് പ്ലേയറായത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ പവർ പ്ലേയിൽ രണ്ടോവർ എറിഞ്ഞ ശിവം ദുബെ ബാറ്റിംഗിനിറങ്ങിയപ്പോൾ 22 പന്തിൽ 33 റണ്‍സെടുത്ത് വിജയത്തിൽ നിർണായകമായി.
ഇന്ത്യ സമ്മർദത്തിലായ ഘട്ടത്തിൽ ബൗണ്ടറികളിലൂടെ സ്കോർ അതിവേഗം ചലിപ്പിച്ച് സമ്മർദം കുറച്ചത് ദുബെയാണ്. മത്സരത്തിലെ അവസാന ഓവറിന് തൊട്ടു മുന്‍പ് പുറത്തായെങ്കിലും അതിനകം ഇന്ത്യ ലക്ഷ്യത്തിന് 10 റണ്‍സകലെ എത്തിയിരുന്നു.