തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സൂപ്പർ ത്രില്ലിൽ തൃശൂർ. കാൽനൂറ്റാണ്ടിനുശേഷം ഒരു സുപ്രധാന ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് തൃശൂരിലെ ആരാധകർ.
നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരളയിലെ തൃശൂർ മാജിക് എഫ്സി x മലപ്പുറം എഫ്സി പോരാട്ടം രാത്രി 7.30നു നടക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മത്സരത്തിനുവേണ്ട നവീകരണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി.
25 വർഷം മുന്പാണ് തൃശൂരിൽ ഒരു മേജർ ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറിയത്. കോർപറേഷൻ സ്റ്റേഡിയത്തിലേക്കു പ്രഫഷണൽ മത്സരം തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണു ഫുട്ബോൾപ്രേമികൾ.
പത്തുവർഷത്തോളം ഈടുനിൽക്കുന്ന പുതിയ ടർഫ് വിരിക്കുന്ന ജോലികൾ സ്റ്റേഡിയത്തിൽ പൂർത്തിയായി. പതിനഞ്ചുവർഷത്തോളം പഴക്കമുള്ള പഴയ ടർഫ് പൂർണമായും മാറ്റിയാണ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്തതു സ്ഥാപിച്ചത്. ഗോൾപോസ്റ്റുകൾ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഉപയോഗിക്കുന്നവയാക്കി. എൽഇഡി ഫ്ലഡ്ലൈറ്റ്, റഫറി കാബിനുകൾ, നവീകരിച്ച ഡ്രസിംഗ് റൂമുകൾ, കാണികൾക്കു മികച്ച ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബുധനാഴ്ച മത്സരം നടത്താനായിരുന്നു തീരുമാനം. പണികൾ പൂർത്തിയാകാതിരുന്നതിനാൽ ഇന്നേക്കു മാറ്റിവയ്ക്കുകയായിരുന്നു. പുല്ല് ഇളകിയ പഴയ ടർഫും ദ്രവിച്ചുതുടങ്ങിയ ഫെൻസിംഗുകളും തകർന്നുതുടങ്ങിയ ഗാലറികളുമാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്.
കോർപറേഷന്റെ സഹകരണത്തോടെ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി സ്റ്റേഡിയം നവീകരണം അതിവേഗം നടപ്പാക്കുകയായിരുന്നു. ടിക്കറ്റ് ജീനി എന്ന വൈബ്സൈറ്റ് വഴിയും സ്റ്റേഡിയത്തിൽ സജ്ജീകരിക്കുന്ന പ്രത്യേക കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭിക്കും. 149 രൂപ മുതലാണു ടിക്കറ്റ് നിരക്ക്. വിഐപി ടിക്കറ്റുകൾക്കു 399 രൂപയാണ്.

