മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില് ഇന്ത്യയുടെ അര്ജുന് എറിഗയ്സി, പി. ഹരികൃഷ്ണ എന്നിവര് പ്രീക്വാര്ട്ടറില് (അഞ്ചാം റൗണ്ടില്). അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്. പ്രഗ്നാനന്ദ നാലാം റൗണ്ടില് ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്ണമെന്റില് ശേഷിക്കുന്ന ഇന്ത്യന് താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി.
മൂന്നാം സീഡായ അര്ജുന് ഹംഗേറിയന് ഗ്രാന്ഡ്മാസ്റ്ററായ പീറ്റര് ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല് ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല് ഗെയിമും സമനിലയില് കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന് ടൈബ്രേക്കര് അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്ജുന് ജയം സ്വന്തമാക്കി.
നാലാം റൗണ്ടിന്റെ ടൈബ്രേക്കറില് സ്വീഡന്റെ ഗ്രാന്ഡെലിയസ് നില്സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല് ഗെയിമും സമനിലയില് കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്, രണ്ടാം റാപ്പിഡ് ഗെയിമില് ജയം സ്വന്തമാക്കി ഹരികൃഷ്ണന് മുന്നേറി.
ആര്. പ്രഗ്നാനന്ദയ്ക്ക് ക്ലാസിക്കല് ഗെയിമിലെ ഭാഗ്യം റാപ്പിഡില് ലഭിച്ചില്ല. ഡുബോവ് ഡാനിലിനെതിരായ ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് പോരാട്ടത്തില് പ്രഗ്നാനന്ദ സമനില നേടി. എന്നാല്, രണ്ടാം മത്സരത്തില് ഡുബോവ് ജയിച്ചു.

