കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക് ടണ്‍ മത്സ്യം. പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ പ്രതിദിനം ഏകദേശം 2540.48 മെട്രിക് ടണ്‍ മത്സ്യമാണ് ആവശ്യമായി വരുന്നത്.
നിലവിലെ ശരാശരി മത്സ്യ ലഭ്യത 2048.72 മെട്രിക് ടണ്‍ ആണ്. 2019- 20, 2020 – 21 വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി മൂലം ചില മാസങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയതു മൂലം കടല്‍ മത്സ്യോത്പാദനത്തില് കുറവുണ്ടായി. എന്നാല്‍ 2021- 22 മുതല്‍ കടല്‍, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കടല്‍ മത്സ്യോത്പാദനം ലഭിക്കാവുന്നതിന്റെ ഏകദേശം പാരമ്യതയില്‍ എത്തിയിട്ടുണ്ട്. എങ്കിലും ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ധനയിലൂടെ മാത്രമേ സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയൂ.
ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി 2017 സെപ്റ്റംബറില്‍ കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന് ആക്ട് (കെഎംഎഫ്ആര്‍ ആക്ട്) ഭേദഗതി വരുത്തുകയും 2018 സെപ്റ്റംബറില്‍ പുതിയ കെഎംഎഫ്ആര്‍ റൂള്‍ നിലവില്‍ വരികയും ചെയ്തു. കെഎംഎഫ്ആര്‍ ആക്ട് ശക്തമായി നടപ്പിലാക്കിയതിലൂടെ 2018- 19 വര്‍ഷത്തില്‍ കടല്‍ മത്സ്യോത്പാദനം 6.09 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു.