പരവൂർ(കൊല്ലം): രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ കേന്ദ്രങ്ങളായി പബ്ലിക് ചാർജിംഗ് പോയിന്റുകൾ മാറുന്നു. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മാളുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് പോയിന്റുകൾ സൈബർ കുറ്റവാളികളുടെ ഏറ്റവും വലിയ അക്ഷയഖനിയായി മാറിയെന്നാണ് പോലീസിന്റെയും ഇതര അന്വേഷണ ഏജൻസികളുടെയും വിലയിരുത്തൽ.
ആൾക്കാരുടെ അശ്രദ്ധ മുതലെടുത്ത് തട്ടിപ്പുസംഘം രാജ്യത്താകമാനം പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് ഇത്തരം കബളിപ്പിക്കലിലൂടെ കൈക്കലാക്കുന്നത്. “ജ്യൂസ് ജാക്കിംഗ് ‘ എന്നാണ് ഈ തട്ടിപ്പിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് ഏറ്റവും കൂടുതൽ അരങ്ങേറുന്നത് ബിഹാറിലെന്നാണ് റിപ്പോർട്ട് .
കഴിഞ്ഞ വർഷം മാത്രം ഇവിടെ 3, 34, 000 ആൾക്കാർ ഈ സൈബർ തട്ടിപ്പിന് വിധേയരായിട്ടുണ്ട്. ടെലികമ്യൂണികേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 മുതൽ രാജ്യത്താകമാനം ദശലക്ഷക്കണക്കിന് ആൾക്കാർ ജ്യൂസ് ജാക്കിംഗ് തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്.
എന്താണ് ജ്യൂസ് ജാക്കിംഗ്?
സൈബർ കുറ്റവാളികൾ പൊതു ചാർജിംഗ് പോയിന്റുകളിൽ ഒരു മാൽവെയർ കോഡ് കുത്തിവയ്ക്കും. ആൾക്കാർ ഇതിലേക്ക് കണക്ട് ചെയ്യുന്ന ഉപകരണങ്ങളിലെ ഡേറ്റ മോഷ്ടിക്കാനും ട്രാക്ക് ചെയ്യാനും ഇതുവഴി തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കും.യുഎസ്ബി ചാർജറുകൾ വഴി ഇവർക്ക് ഫോട്ടോകൾ, ബാങ്കിംഗ് വിവരങ്ങൾ, കോൺട്രാക്റ്റ് ലിസ്റ്റുകൾ, മറ്റ് സെൻസിറ്റീവ് ഡേറ്റകൾ എന്നിവ ആക്സസ് ചെയ്യാൻ കഴിയും.
ഒരു പൊതു ചാർജറിൽ ഫോൺ പ്ലഗ് ചെയ്യുന്നത് പോലും ഉപഭോക്കാവിന്റെ ഡാറ്റയ്ക്ക് ഹാനികരമാണെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആധുനിക തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കടന്നുകയറാൻ കഴിയുന്ന ഇടമായി ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ മാറി കഴിഞ്ഞു.
ആൾക്കാർ എല്ലാവരും ഫോൺ പ്ലഗ് ചെയ്ത ശേഷം അത് ചാർജ് ചെയ്യുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഡേറ്റ മോഷണത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ആരും ബോധവാത്മാരല്ല എന്നത് തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർഥ്യം
. തട്ടിപ്പുകാർ ഇ-മെയിൽ വിവരങ്ങൾ അടക്കം ചോർത്തി ദുരപയോഗം ചെയ്തും കബളിപ്പിക്കൽ നടത്തുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടുതന്നെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ജ്യൂസ് ജാക്കിംഗ് സംവിധാനത്തിന് കഴിയും.
മുന്നറിയിപ്പുമായി അധികൃതർ
പൊതു ചാർജറുകൾ ഉപയോഗിക്കുന്ന ആൾക്കാരുടെ ഫോണിന്റെ പശ്ചാത്തലത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സൈബർ കുറ്റവാളികൾ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ ഉപയോക്താക്കൾ അവരുടെ സ്വകാര്യ ചാർജറുകളെയോ പവർ ബാങ്കുകളെയോ മാത്രം ആശ്രയിക്കുകയും പൊതു യുഎസ്ബി പോർട്ടുകളിലേക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയും വേണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. നമ്മുടെ വീടുകളും പണവും സംരക്ഷിക്കുന്നത് പോലെ മൊബൈൽ ഉപകരണങ്ങളും ഡിജിറ്റൽ ഡാറ്റയും സംരക്ഷിക്കുന്നത് ഒരു പോലെ നിർണായകമാണെന്നും മുന്നറിയിപ്പിൽ പ്രത്യേകം വ്യക്തമാക്കുന്നു.
പൊതു ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഇത് കൂടാതെ എല്ലാ പൊതു ചാർജിംഗ് സ്റ്റേഷനുകളിലും മുന്നറിയിപ്പ് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രികർക്കും ഇതു സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് ഉറങ്ങുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ട്രെയിനുകളിലും ജ്യൂസ് ജാക്കിംഗ് തട്ടിപ്പുകൾ ഇതിനകം നിരവധി നടന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
- എസ്.ആർ. സുധീർ കുമാർ