ചാരുംമൂട്: പതിനാലു വയസുകാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ.
സുൽത്താൻ എന്ന സ്വകാര്യബസിലെ ഡ്രൈവർ നൂറനാട് പാറ്റൂർ മുറിയിൽ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ (35) ആണ് പിടിയിലായത്. വിദ്യാർഥിനിയെ ഇയാൾ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം സ്കൂളിൽ പോയ കുട്ടിയെ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പ്രതി കടത്തിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ലൈംഗിക വൈകൃതമുള്ള പ്രതി കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്പെക്ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനു കുമാർ, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ് പ്രതി. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.