തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കി മാറ്റിയ കൊള്ളസംഘം എന്നെഴുതിയ ബാനറുമായാണ് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.
പ്രതിപക്ഷത്തിന്റെ ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനോട് നിര്‍ദേശിച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
ഇതേച്ചൊല്ലി സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ തര്‍ക്കം ഉണ്ടായി.തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ഭരണ പക്ഷ അംഗങ്ങളും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷത്തിനുനേരേ അടുത്തതോടെ സഭ ബഹളത്തില്‍ മുങ്ങി.
പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതേസമയം പ്രതിപക്ഷം ധിക്കാരം കാണിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയെ ന്യായികരിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തിയത് ബഹളത്തില്‍ കലാശിച്ചു.