കോഴിക്കോട്: ശബരിമലയിലേത് ആസൂത്രിത സ്വര്ണക്കവര്ച്ചയെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന് പറഞ്ഞുകൊടുത്തുകാണുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വർണക്കൊള്ളയ്ക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന ബിജെപി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. ശബരിമല സംഘര്‍ഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
വി.എസ്. അച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പദ്മനാഭസ്വാമിയുടെ സ്വര്‍ണം എടുക്കാന്‍ നീക്കം നടത്തി. ബിജെപി പരസ്യ നിലപാട് സ്വീകരിച്ചു. ഹൈന്ദവര്‍ ചെറുത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്. രാഷ്ട്രീയ നേതൃത്വം അറിഞ്ഞുള്ള കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നത്. പിണറായിയും കടകംപള്ളിയും അറിയാതെ തട്ടിപ്പ് നടക്കില്ല.
ചെമ്പട, ചെമ്പട എന്നാണ് പറയുന്നത്. വീരപ്പന് ഇതിലും മാന്യനാണ്. കായംകുളം കൊച്ചുണ്ണി നല്ല കള്ളന്. ശബരിമലയില്‍ ഇരുന്നു ആസൂത്രണം ചെയ്തതാണ് ഇതെല്ലാം. പാപക്കറ കഴുകി കളയാനാണ് അയ്യപ്പ സംഗമം നടത്തിയത്. ആയിരം വട്ടം പമ്പയിലോ ഗംഗയിലോ മുങ്ങിയാലും പാപം മാറില്ലെന്നും സുരേന്ദ്രന് പറഞ്ഞു.