കൊച്ചി: കുഞ്ഞുങ്ങള്‍ക്കെതിരെ സൈബര്‍ ലൈംഗികാതിക്രമം നടത്തി മുങ്ങാമെന്നു കരുതുന്നവര്‍ കരുതിയിരിക്കുക. മിനിറ്റുകള്‍ക്കകം നിങ്ങളെ പൂട്ടാനുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത (എഐ ) സോഫ്ട് വെയര്‍ ടൂള്‍ തയാറാക്കിയിരിക്കുകയാണ് കേരള പോലീസ്.
കൊച്ചു കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന് തടയിടാനും പ്രചരിക്കുന്ന ചിത്രത്തിലെ ഇരയെ കണ്ടെത്താനും സഹായിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍ ടൂള്‍.
ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍സ് എന്നറിയപ്പെടുന്ന ഇത്തരം ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ ഇന്ന് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് ഇരയെ കണ്ടെത്താനും ഇത്തരം വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാനും ഈ സോഫ്റ്റ്വെയര് സഹായിക്കുമെന്ന് സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് പറഞ്ഞു.
എഐ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിലോ വീഡിയോയില്‍ നിന്നോ ഇരയെ നീക്കം ചെയ്യും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചിത്രത്തില്‍ ദൃശ്യമാകുന്ന മറ്റ് വസ്തുക്കള്‍ ഓരോ ഭാഗങ്ങളാക്കും (ഇമേജ് സെഗ്മന്റേഷന്‍). ഇതിനായി രൂപീകരിച്ച വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്ത് ജനങ്ങളിലേക്ക് എത്തിച്ച് കുറ്റവാളിയെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതി ഉടന്‍ കുടുങ്ങും
മോശം ചിത്രങ്ങളോ വീഡിയോകളോ അപ് ലോഡ് ചെയ്യുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്ന തെളിവുകള്‍ പോലീസിന്റെ പ്രത്യേക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ നിന്ന് കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ദുരുപയോഗം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ഉടന്‍ തടയുന്നതിനായി ഹാഷ് ടാഗ് അധിഷ്ഠിത ഉള്ളടക്കം നീക്കം ചെയ്യുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുക.
മോശം വീഡിയോകളുടെ ഉള്ളടക്കത്തെ എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ഹാഷ്ടാഗുകളാക്കി മാറ്റും. അന്വേഷണ ഏജന്‍സികള്‍ക്കുപോലും ഈ വീഡിയോയോ ചിത്രമോ ലഭിക്കില്ല. പകരം ഹാഷ് ടാഗായിരിക്കും ലഭ്യമാകുക. ഈ ഹാഷ്ടാഗ് സ്ലാന് ചെയ്യുന്നതിലൂടെ ദൃശ്യത്തിന്റെ ഉറവിടത്തിലേക്ക് എത്താനും അത് വേഗത്തില്‍ നീക്കം ചെയ്യാനും കഴിയും. ഇരയെ കണ്ടെത്താനും ഇതിലൂടെ സാധിക്കും.
സീമ മോഹന്‍ലാല്‍