ന്യൂഡല്‍ഹി: ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. അഞ്ചാംദിനത്തിലേക്ക് മത്സരം നീണ്ടതും ഗംഭീറിന് ഇഷ്ടപ്പെട്ടില്ലെന്ന സൂചനയാണ് രണ്ടാം ടെസ്റ്റിനുശേഷം നടന്ന പത്രസമ്മേളനത്തില്‍നിന്നു വ്യക്തമാകുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലമുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും 2027 ഏകദിന ലോകകപ്പില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഗൗതം ഗംഭീര്‍. ലോകകപ്പിലേക്ക് രണ്ടര വര്‍ഷംകൂടിയുണ്ട്.
ഇപ്പോഴത്തെ കാര്യങ്ങള്‍ അല്ലേ പ്രധാനം എന്നായിരുന്നു ഗംഭീറിന്റെ മറുപടി. രോഹിത്തും കോഹ്ലിയും പരിചയസമ്പന്നരാണെന്നും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അതുപകരിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.