തെലുങ്ക് താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത് കഴിഞ്ഞയാഴ്ചയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, ഹൈദരാബാദില്‍ നടന്ന തീര്‍ത്തും സ്വകാര്യ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയിലാകും വിവാഹമെന്നാണു റിപ്പോര്‍ട്ടുകൾ.
ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ ഭാഗമായി കൈവിരലില്‍ അണിയിച്ച വജ്രമോതിരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രശ്മികാ മന്ദാന. ഇന്‍സ്റ്റഗ്രാമിലാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. താരം തന്റെ വളര്‍ത്തുനായയെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. തമ്മ എന്ന ചിത്രത്തിലെ റാഹിയേ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ വീഡിയോ വളര്‍ത്തുനായയെ കാണിച്ചുകൊണ്ട് ‘ഇതാരാണ്’ എന്ന് ചോദിക്കുന്ന രശ്മികയാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോയിലാണ് താരത്തിന്റെ ഇടതുകൈയിലെ മോതിരവിരലില്‍ തിളങ്ങുന്ന വജ്രമോതിരം ദൃശ്യമായത്. പോസ്റ്റിന്റെ കമന്റുകള്‍ ഭൂരിഭാഗവും ഈ മോതിരത്തെക്കുറിച്ചുള്ളതാണ്. വിവാഹനിശ്ചയവാര്ത്തയ്ക്കു സ്ഥിരീകരണമായി എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്ന കമന്റും ഒട്ടേറെ പേര് എഴുതി.
ഒക്ടോബര്‍ മൂന്നിനാണ് വിവാഹനിശ്ചയം നടന്നതെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞത്. സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. ഒരു അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണില്‍ വിളിക്കുന്നതും സംസാരിക്കുന്നതിനിടയില്‍ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റെയും പിറന്നാള്‍ ആഘോഷിച്ചതിന്റെയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യ ഡേ പരേഡില്‍ അതിഥികളായെത്തിയ ഇരുവരും കൈകോര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന് രാഹുല്‍ സംകൃത്യന്റെ താത്കാലികമായി വിഡി 14 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.