ജോലി ഭാരം കാരണം മിക്ക ആളുകൾക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ല. കുടുംബത്തോടൊപ്പമിരിക്കാൻ ആഗ്രഹിച്ച് നല്ല വരുമാനം ലഭിക്കുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ദീപേഷ് എന്ന യുവാവ്. സംരംഭകനായ വരുൺ അഗർവാൾ ദീപേഷിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ദീപേഷ്. പ്രതിമാസം അദ്ദേഹത്തിന് 40000 രൂപ ശന്പളവും ലഭിച്ചിരുന്നു. എന്നാൽ അമിത ജോലിഭാരം കാരണം പലപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവിടാൻ സമയം ലഭിച്ചിരുന്നില്ല.
വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ നന്നായി പ്രയാസപ്പെട്ടപ്പോൾ അദ്ദേഹം ജോലി ഉപേക്ഷിച്ചു. മുഴുവൻ സമയ ടാക്സി ഡ്രൈവറായി മാറി. 21 ദിവസം ജോലി ചെയ്ത് ദീപേഷ് പ്രതിമാസം 56000 രൂപ വരെ ഉണ്ടാക്കുന്നുണ്ടെന്ന് വരുൺ പോസ്റ്റിൽ പറയുന്നു.
‘ഇതാണ് ദീപേഷ്, ഇന്നത്തെ എന്റെ ഊബർ ഡ്രൈവർ ദീപേഷ് ആയിരുന്നു’ എന്ന തലക്കെട്ടോടെയാണ് വരുൺ പോസ്റ്റ് പങ്കുവച്ചത്. ‘ചില നേരങ്ങളിൽ ജീവിതത്തിൽ മുന്നേറാനുള്ള ഏറ്റവും നല്ല മാർഗം ഡ്രൈവർ സീറ്റിൽ ഇരിക്കുക എന്നതാണ്’ എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു.