ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിപ്രകാരം ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്ക് ഇനി കമ്മീഷൻ കിട്ടും. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. ബജറ്റ് ടൂറിസം പദ്ധതിക്കു സ്വീകാര്യത വർധിച്ചു വരികയാണെന്നാണ് വിലയിരുത്തൽ. കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
കെഎസ്ആർടിസി യൂണിറ്റുകളിലെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദ സഞ്ചാര യാത്രകൾ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. മികച്ച വരുമാനവും ബജറ്റ് ടൂറിസം സെൽ നേടുന്നുണ്ട്. വിവാഹം, തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കും കെഎസ്ആർടിസി ബസ് വാടകയ്ക്ക് കൊടുക്കുന്നുണ്ട്.
ബജറ്റ് ടൂറിസം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് പ്രോത്സാഹനമായി കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബുക്കിംഗ് ഏർപ്പാടാക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്കും മറ്റ് സ്വകാര്യ വ്യക്തികൾക്കും കമ്മീഷൻ ലഭിക്കും. ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലെഗ്രൂപ്പ് ബുക്കിംഗിന് പാക്കേജ് നിരക്കിന്റെ 2.5 ശതമാനമാണ് കമ്മീഷൻ. പ്രവൃത്തി ദിവസങ്ങളിലാണെങ്കിൽ 3 ശതമാനം കമ്മീഷൻ ലഭിക്കു..
ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവരുടെ വിവരങ്ങൾ യൂണിറ്റ് ഓഫീസുകളിൽ ക്രോഡികരിച്ച് സൂക്ഷിക്കണമെന്നും ഓരോ മാസത്തെയും പുരോഗതി റിപ്പോർട്ടാക്കി ചീഫ് ഓഫീസിൽ അയച്ചു കൊടുക്കണമെന്നും യൂണിറ്റ് ഓഫീസർ മാർക്ക് അയച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
- പ്രദീപ് ചാത്തന്നൂർ